കോഹ്‌ലിക്കും രോഹിത്തിനും ‘തരംതാഴ്ത്തൽ’; ബിസിസിഐയുടെ പുതിയ കരാറുകളുടെ പട്ടിക പുറത്ത്
മുംബൈ: ബിസിസിഐ കേന്ദ്ര കരാറുകളിൽ വൻ പരിഷ്‌കാരം. 2025-26 സീസണിലേക്കുള്ള പുതിയ കരാർ പട്ടിക പുറത്തുവിട്ടപ്പോൾ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും എ ഗ്രേഡിൽ നിന്നും താഴേക്ക് പോയി. നിലവിലുണ്ടായിരുന്ന ‘എ പ്ലസ്’ കാറ്റഗറി പൂർണമായും ഒഴിവാക്കി ത്രിതല ഘടനയിലേക്കാണ് ബിസിസിഐ മാറിയിരിക്കുന്നത്.
യുവതലമുറയ്ക്ക് പ്രാധാന്യം നൽകുന്ന മാറ്റത്തിന്റെ ഭാഗമായാണ് സീനിയർ താരങ്ങളെ ഗ്രൂപ്പ് ബിയിലേക്ക് മാറ്റിയത്. നിലവിൽ ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് മാറി ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കോഹ്‌ലിക്കും രോഹിത്തിനും തിരിച്ചടിയായത്. പാരമ്പര്യത്തേക്കാൾ കളിക്കാരന്റെ നിലവിലെ പ്രകടനവും ലഭ്യതയുമാണ് പുതിയ പട്ടികയുടെ മാനദണ്ഡം.
പുതിയ പരിഷ്‌കാരമനുസരിച്ച് ഗ്രൂപ്പ് എ ആണ് ഏറ്റവും ഉയർന്ന വിഭാഗം. മൂന്ന് ഫോർമാറ്റുകളിലും സജീവമായവർക്കും ടീമിനെ നയിക്കുന്നവർക്കുമാണ് ഇതിൽ സ്ഥാനം. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് ഗ്രൂപ്പ് എയിൽ ഇടംപിടിച്ചത്.
പുതുക്കിയ പട്ടിക
- ഗ്രൂപ്പ് എ: ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
- ഗ്രൂപ്പ് ബി: രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ.
- ഗ്രൂപ്പ് സി: സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിങ്, ശിവം ദുബെ, അർഷ്ദീപ് സിങ്്, നിതീഷ് കുമാർ റെഡ്ഡി തുടങ്ങി 15 പേർ.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മെറിറ്റ് അടിസ്ഥാനമാക്കിയാണ് പുതിയ ശമ്പള ഘടന നിശ്ചയിച്ചിരിക്കുന്നത്. 7 കോടി രൂപ ലഭിച്ചിരുന്ന എ പ്ലസ് വിഭാഗം നിർത്തലാക്കിയത് വഴി ടീമിലെ സാമ്പത്തിക അച്ചടക്കവും ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്.