വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ ആൺസുഹൃത്തും മരിച്ച നിലയിൽ
സന്ദേശ്, ചിന്നു പാപ്പു
കാസര്കോട്: വ്ളോഗർ ചിന്നു പാപ്പു എന്ന രേഷ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്തും മരിച്ച നിലയിൽ. കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് (26) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മ മരിച്ച് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഒരാഴ്ച മുൻപാണ് സോഷ്യൽ മീഡിയയിൽ ചിന്നു പാപ്പു എന്ന പേരിൽ സജീവമായിരുന്ന രേഷ്മയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന രേഷ്മ, സന്ദേശിനൊപ്പമായിരുന്നു താമസം. സംഭവദിവസം രാവിലെ സന്ദേശ് ജോലിക്ക് പോയ സമയത്താണ് രേഷ്മ ആത്മഹത്യ ചെയ്തത്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സന്ദേശ് മുറിയിലെത്തി നോക്കിയപ്പോഴാണ് രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രേഷ്മയുടെ മരണത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിലായിരുന്നു സന്ദേശ് എന്ന് ബന്ധുക്കൾ പറയുന്നു. മരണവുമായി ബന്ധപ്പെട്ട് പോലീസ് നടപടികളും അന്വേഷണവും പുരോഗമിക്കുന്നതിനിടെയാണ് സന്ദേശിന്റെ വിയോഗം.
ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ലോഗറായിരുന്നു ചിന്നു പാപ്പു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടന്ന ഈ രണ്ട് മരണങ്ങളും സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.