02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇരകൾ’ മുഴുവൻ ഉത്തരേന്ത്യക്കാർ, സംസാരിക്കാൻ അനുവദിച്ചതുമില്ല; ചോദ്യങ്ങൾക്ക് മുന്നിൽ കുഴങ്ങി സ്ഥലം കാലിയാക്കി ‘കേരള സ്റ്റോറി 2’ അണിയറക്കാർ | Kerala Story 2 Row

 ‘ഇരകൾ’ മുഴുവൻ ഉത്തരേന്ത്യക്കാർ, സംസാരിക്കാൻ അനുവദിച്ചതുമില്ല; ചോദ്യങ്ങൾക്ക് മുന്നിൽ കുഴങ്ങി സ്ഥലം കാലിയാക്കി ‘കേരള സ്റ്റോറി 2’ അണിയറക്കാർ | Kerala Story 2 Row

ന്യൂഡൽഹി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ റിലീസിന് തയ്യാറെടുക്കവെ വീണ്ടും വിവാദം പുകയുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. (Kerala Story 2 Row)

മതപരിവർത്തനത്തിന് ഇരയായവരെന്ന പേരിൽ അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പരിചയപ്പെടുത്തിയ പെൺകുട്ടികളിൽ ഒരാൾ പോലും കേരളത്തിൽനിന്നുള്ളവരല്ല എന്നതാണ് ഏറെ വിചിത്രകരം. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എത്തിയവരിൽ എല്ലാവരും ഉത്തരേന്ത്യയിൽനിന്നുള്ളവരായിരുന്നു. കേരളത്തിന്റെ പേരിൽ നിർമിച്ച സിനിമയുടെ രണ്ടാം ഭാഗത്തിലും മറ്റ് സംസ്ഥാനങ്ങളിലെ കഥകൾ ഉൾപ്പെടുത്തിയതും കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന വിമർശനം ശക്തമാകുകയാണ്.

ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ, സംവിധായകൻ കാമാഖ്യ നാരായണ സിങ് എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മൂന്ന് പെൺകുട്ടികളെയാണ് ഇരകളെന്ന പേരിൽ ഹാജരാക്കിയത്. പ്രണയവും സൗഹൃദവും നടിച്ച് തങ്ങളെ മതം മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഇവരാരും മലയാളികളല്ലെന്നും ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും വ്യക്തമായതോടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നു. ഇതോടെ അണിയറ പ്രവർത്തകർ സ്ഥലം കാലിയാക്കുകയായിരുന്നു. ‘ഇരകളെ’ മാധ്യമങ്ങളുമായി സംസാരിക്കാനും അനുവദിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

ആദ്യ ഭാഗത്തിന്റെ സംവിധായകനായ സുദീപ്‌തോ സെൻ രണ്ടാം ഭാഗത്തിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമാണ്. കൃത്യമായ ഗവേഷണമില്ലാതെയും വാട്‌സ്ആപ്പ് സന്ദേശങ്ങളെ മാത്രം അടിസ്ഥാനമാക്കിയും സിനിമ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 10 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് താൻ ആദ്യ ഭാഗം ചെയ്തതെന്നും എന്നാൽ ഇത്തവണ അത്തരമൊരു പശ്ചാത്തലമില്ലാത്തതിനാൽ പിന്മാറുകയാണെന്നും അദ്ദേഹം ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വിമർശിച്ചു. സോഷ്യൽ മീഡിയയിൽ ‘ബീഫ്-പൊറോട്ട’ ട്രോളുകളിലൂടെയും ‘ദ റിയൽ കേരള സ്റ്റോറി’ എന്ന ക്യാമ്പയിനിലൂടെയും മലയാളികൾ ഈ നീക്കത്തെ പ്രതിരോധിക്കുന്നുണ്ട്.

ഫെബ്രുവരി 27-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സെൻസർ ബോർഡ് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹരജികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

Also read: