ഹൈദരാബാദിൽ മലയാളിക്ക് നേരെ വെടിവെപ്പ്; കാലിൽ വെടിയുതിർത്ത് ആറ് ലക്ഷം രൂപ കവർന്നു
ഹൈദരാബാദ്: ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപ കവർന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിൻഷാദിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.
കുട്ടികളുടെ വസ്ത്രങ്ങൾ മൊത്തവിലയ്ക്ക് വാങ്ങാനായി ജനുവരി ആദ്യവാരമാണ് റിൻഷാദ് ഹൈദരാബാദിലെത്തിയത്. ചാർമിനാറിന് അടുത്തുള്ള മദീന മാർക്കറ്റിൽ എത്തിയെങ്കിലും അന്ന് വസ്ത്രങ്ങൾ വാങ്ങിയില്ല. തുടർന്ന് കൈവശമുള്ള പണം ബാങ്കിന്റെ സിഡിഎം (Cash Deposit Machine) വഴി നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ സുഹൃത്തിന്റെ വാഹനത്തിൽ പണം നിക്ഷേപിക്കാനായി എടിഎം കൗണ്ടറിൽ എത്തിയ റിൻഷാദിനെ പിന്തുടർന്ന അജ്ഞാതരായ രണ്ട് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ റിൻഷാദിന്റെ കാലിൽ വെടിയുതിർത്തു. തുടർന്ന് ആറ് ലക്ഷം രൂപയും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്ത് പ്രതികൾ കടന്നുകളയുകയായിരുന്നു. റിൻഷാദിന്റെ കൈവശം വലിയ തുകയുള്ള വിവരം പ്രതികൾക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് സുൽത്താൻ ബസാർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷണത്തിന് ശേഷം അല്പദൂരം വാഹനത്തിൽ പോയ പ്രതികൾ പിന്നീട് വാഹനം ഉപേക്ഷിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പരിക്കേറ്റ റിൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു