02/04/2026
[fontresizer_tawhidurrahmandear_widget]

യുവാക്കളെല്ലാം യൂറോപ്പിൽ; പത്തനംതിട്ടയിൽ ആൾതാമസമില്ലാതെ 61,000 വീടുകൾ, ബാങ്കുകളിൽ അവകാശികളില്ലാതെ 111 കോടി, അടച്ചുപൂട്ടി കോളേജുകൾ

 യുവാക്കളെല്ലാം യൂറോപ്പിൽ; പത്തനംതിട്ടയിൽ ആൾതാമസമില്ലാതെ 61,000 വീടുകൾ, ബാങ്കുകളിൽ അവകാശികളില്ലാതെ 111 കോടി, അടച്ചുപൂട്ടി കോളേജുകൾ

പത്തനംതിട്ട: വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ യൂറോപ്പിലേക്ക്‌ കടന്നപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്‌സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. കേരളത്തിന്റെ പ്രവാസി ഭൂപടത്തിൽ എന്നും മുൻപന്തിയിലായിരുന്നു പത്തനംതിട്ട. യുവതലമുറയുടെ കൂട്ടപ്പലായനം ജില്ലയെ ഒരു ‘വൃദ്ധസദന’മാക്കി മാറ്റിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ‘ദീപിക’ ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണു കുടിയേറ്റ പ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ശൂന്യത

ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗം തകർച്ചയിലാണ്‌. പ്രവേശനത്തിന് തിരക്കുണ്ടായിരുന്ന പാരമ്പര്യ കോളജുകളിൽ പോലും ഇന്ന് ബിരുദ കോഴ്‌സുകൾക്ക് പകുതി സീറ്റുകളിൽ പോലും കുട്ടികളില്ല. സ്വാശ്രയ മേഖലയിലെ കോളജുകളുടെ സ്ഥിതി ഇതിലും ദയനീയമാണ്. എൻജിനീയറിങ് കോഴ്‌സുകളോടുള്ള താല്പര്യം കുറഞ്ഞതും വിദേശ പഠനത്തോടുള്ള ഭ്രമവും കാരണം ജില്ലയിൽ ഇതിനകം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടാൻ തുടങ്ങിയിട്ടുണ്ട്.

അടഞ്ഞുകിടക്കുന്ന 61,000 വീടുകൾ

ജില്ലയിലെ ഗ്രാമങ്ങളിൽ പോയാൽ ഇന്ന് കാണാനാകുക അടഞ്ഞുകിടക്കുന്ന വൻമാളികകളാണ്. അടൂരിൽ 3,266 വീടുകൾ അടഞ്ഞുകിടക്കുന്നുണ്ടെന്നാണ് കണക്ക്. പത്തനംതിട്ട നഗരത്തിൽ 2,452 വീടുകളും, കുമ്പനാടും ഇരവിപേരൂരും 2,630 വീടുകളും അടഞ്ഞുകിടക്കുകയാണ്. മിക്ക വീടുകളിലും വയോധികർ മാത്രമാണ് താമസം. പലയിടങ്ങളിലും മാതാപിതാക്കൾ മരിച്ചതോടെ വീടുകൾ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്.

അവകാശികളില്ലാത്ത 111 കോടി

സാമ്പത്തിക മേഖലയിൽ മറ്റൊരു വിചിത്രമായ പ്രതിസന്ധിയും ജില്ല നേരിടുന്നു. ദേശീയസാൽകൃത ബാങ്കുകളിൽ മാത്രം 111.82 കോടി രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നു. നാല് ലക്ഷത്തിലധികം അക്കൗണ്ടുകളിലായാണ് ഈ തുകയുള്ളത്. നിക്ഷേപകർ മരിക്കുകയും അവരുടെ മക്കൾ വിദേശത്ത് സ്ഥിരതാമസമാക്കുകയും ചെയ്തതോടെയാണ് പണം ബാങ്കുകളിൽ തന്നെ തുടരുന്നത്. ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കൂടി കണക്കിലെടുത്താൽ ഇത് കോടികൾ കടക്കും.

ക്യാമറക്കണ്ണിലെ വാർദ്ധക്യം

പത്തനംതിട്ടയിലെ വയോധികരുടെ ജീവിതം ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തിലാണ്. മക്കൾ വിദേശത്തിരുന്ന് സി.സി.ടി.വിയിലൂടെ മാതാപിതാക്കളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. ഭക്ഷണം ഓൺലൈനായി എത്തിക്കുന്നു, രാത്രിയിൽ കൂട്ടിരിക്കാൻ പണം നൽകി ആളുകളെ ഏർപ്പെടുത്തുന്നു. മാതാപിതാക്കൾ മരിക്കുമ്പോൾ പോലും വിദേശത്തുനിന്ന് എത്താൻ കഴിയാത്ത സാഹചര്യത്തിൽ സംസ്‌കാര ചടങ്ങുകൾ പോലും ഏജൻസികളെ ഏൽപ്പിക്കുന്ന സാഹചര്യം ജില്ലയിൽ വർദ്ധിച്ചു വരികയാണ്.

കൃഷിയും വന്യമൃഗശല്യവും

ജില്ലയിലിലെ കാർഷിക മേഖല തകർച്ചയിലാണ്. റബ്ബർ വിലയിടിവിന് പുറമെ കാട്ടുപന്നി, ആന എന്നിവയുടെ ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നത് കൂടി വരുന്നു. ഇതോടെ കൃഷിയിടങ്ങൾ കാടുപിടിക്കുകയും അത് വന്യമൃഗങ്ങൾക്ക് ജനവാസ മേഖലയിലേക്ക് കടന്നുവരാൻ സുരക്ഷിത താവളമായി മാറുകയും ചെയ്യുകയാണ്. പ്രധാന നദികളെല്ലാം മാലിന്യം നിറഞ്ഞ് നശിച്ചു. കാർഷിക വിളകൾക്കു ന്യായമായ വില ലഭിക്കാത്തതും സംഭരണത്തിന് അടക്കം സൗകര്യം ഇല്ലാത്തതും കർഷകരെ ബാധിച്ചു. ഒരു ജില്ലയുടെ മുഖഛായ മുഴുവനായും മാറുന്ന കാഴ്ചയാണ് പത്തനംത്തിട്ടയിൽ നടക്കുന്നത്.

Also read: