പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതായി പരാതി
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജന് ജയിൽ ചട്ടങ്ങൾ ലംഘിച്ച് പരോൾ അനുവദിച്ചത് വിവാദമാകുന്നു. ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണ നിലയിൽ പരോൾ അനുവദിക്കരുതെന്ന കർശന നിയമം നിലനിൽക്കെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്.
തലശ്ശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് വിവാദ ഇടപെടൽ. ഫെബ്രുവരി മൂന്നിന് സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിൽ സൂപ്രണ്ട് അനുവദിച്ച മൂന്ന് ദിവസത്തെ പരോളിന് പിന്നാലെ, സർക്കാരും ജയിൽ മേധാവിയും ചേർന്ന് പരോൾ കാലാവധി നീട്ടി നൽകുകയായിരുന്നു. ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ പ്രതി ഇതുവരെ ജയിലിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം.
ജയിൽ ചട്ടത്തിലെ വകുപ്പ് 307 പ്രകാരം പീഡനക്കേസ് പ്രതികൾക്ക് സാധാരണ പരോളിന് അർഹതയില്ല. അടിയന്തര സാഹചര്യങ്ങളിൽ സൂപ്രണ്ടിന് പത്ത് ദിവസവും സർക്കാരിന് അഞ്ച് ദിവസവും മാത്രമാണ് പരോൾ അനുവദിക്കാൻ അധികാരമുള്ളത്. ഈ പരിധി ലംഘിച്ചാണ് പത്മരാജൻ പുറത്ത് കഴിയുന്നത്.
നേരത്തെ അന്വേഷണ ഘട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നിലനിന്നിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ആർ.എസ്.എസ് നേതാവ് കൂടിയായ പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ സർക്കാർ നൽകിയ ഈ വഴിവിട്ട സഹായം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.