01/04/2026
[fontresizer_tawhidurrahmandear_widget]

10 വർഷത്തെ റെസിഡൻസി പദ്ധതിയുമായി ഖത്തർ; ആർക്കൊക്കെ അപേക്ഷിക്കാം?

 10 വർഷത്തെ റെസിഡൻസി പദ്ധതിയുമായി ഖത്തർ; ആർക്കൊക്കെ അപേക്ഷിക്കാം?

ദോഹ: പ്രവാസികൾക്ക് ദീർഘകാല താമസം അനുവദിക്കുന്ന പുതിയ 10 വർഷത്തെ റെസിഡൻസി പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ഖത്തർ പുറത്തുവിട്ടു. സംരംഭകരെ ആകർഷിച്ച് ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ബിസിനസ് ഹബ്ബാക്കി മാറ്റുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ദോഹയിൽ നടന്ന ‘വെബ് സമ്മിറ്റ് ഖത്തർ 2026’ ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിയിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും സീനിയർ എക്‌സിക്യൂട്ടീവുകൾക്കും പത്ത് വർഷത്തെ റെസിഡൻസി പദവി ലഭിക്കും. വിദേശികൾക്ക് സ്‌പോൺസർ ഇല്ലാതെ തന്നെ ഖത്തറിൽ ദീർഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.

പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുതിയ റെസിഡൻസി പദ്ധതി വിഭജിച്ചിരിക്കുന്നത്. സംരംഭകർക്കുള്ള റെസിഡൻസിയും സീനിയർ എക്സിക്യൂട്ടീവുകൾക്കുള്ള റെസിഡൻസിയും. സംരംഭകരുടെ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഖത്തർ ഫിൻടെക് ഹബ്, ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്, ക്യുബിക് തുടങ്ങിയ അംഗീകൃത ബിസിനസ് ഇൻകുബേറ്ററുകളിൽ നിന്നുള്ള എൻഡോഴ്സ്‌മെന്റ് അഥവാ സാക്ഷ്യപത്രം കരസ്ഥമാക്കണം. കുറഞ്ഞത് 2,50,000 ഖത്തർ റിയാൽ നിക്ഷേപവും കൃത്യമായ ബിസിനസ് പ്ലാനും ഇതിനായി ആവശ്യമാണ്.

നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്ന ചെയർമാൻമാർ, സി.ഇ.ഒമാർ, ഡയറക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കുള്ളതാണ് എക്സിക്യൂട്ടീവ് വിഭാഗം. ഇവർക്ക് ഖത്തർ ഐഡി നിർബന്ധമാണ്. എക്സിക്യൂട്ടീവ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് സീനിയർ എക്സിക്യൂട്ടീവ് മാനേജ്‌മെന്റ് തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉയർന്ന ശമ്പളവും ഉണ്ടായിരിക്കണം. സി.ഇ.ഒ, സി.എഫ്.ഒ തുടങ്ങിയ സി-സ്യൂട്ട് തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 50,000 റിയാലും, മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 80,000 റിയാലും നിർബന്ധമാണ്. ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ ബാങ്കുകളിലോ ജോലി ചെയ്യുന്നവർക്കാണ് ഈ വിഭാഗത്തിൽ മുൻഗണന ലഭിക്കുക. പിന്നീട് ജോലി മാറിയാലും ഇവരുടെ ദീർഘകാല റെസിഡൻസി പദവിക്ക് മാറ്റം സംഭവിക്കില്ല.

ആർക്കൊക്കെ അപേക്ഷിക്കാം?

  1. സംരംഭകർക്കുള്ള നിബന്ധനകൾ: നവീനമായ ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് സ്ഥാപകർക്കാണ് മുൻഗണന. വെറും ബിസിനസ് എന്നതിലുപരി ഖത്തർ സയൻസ് & ടെക്‌നോളജി പാർക്ക് പോലുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങളുടെ ‘എൻഡോഴ്‌സ്‌മെന്റ്’ അഥവാ അംഗീകാരം അപേക്ഷകർക്ക് നിർബന്ധമാണ്. കൂടാതെ, സാമ്പത്തിക ഭദ്രത തെളിയിക്കാൻ കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റിൽ കുറഞ്ഞത് 10,000 ഡോളർ (ഏകദേശം 36,500 ഖത്തർ റിയാൽ) ബാലൻസ് ഉണ്ടായിരിക്കണം.
  2. എക്‌സിക്യൂട്ടീവ് ട്രാക്ക്: സിസ്യൂട്ട് (C-suite) തസ്തികകളിൽ ഇരിക്കുന്നവർക്കായി പ്രത്യേക നിബന്ധനകളാണുള്ളത്:

പ്രവൃത്തിപരിചയം: സീനിയർ മാനേജ്‌മെന്റിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ശമ്പള പരിധി: ചെയർമാൻ, സി.ഇ.ഒ തസ്തികയിലുള്ളവർക്ക് കുറഞ്ഞത് 50,000 റിയാലും, മറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 80,000 റിയാലും പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം.

ഖത്തർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ, സെൻട്രൽ ബാങ്ക് അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

യുഎഇയിലെ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന നേട്ടം

യുഎഇയിൽ റെസിഡൻസിയുള്ള ബിസിനസുകാർക്ക് ഖത്തറിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇനി പ്രാദേശിക സ്‌പോൺസർമാരുടെ സഹായം തേടേണ്ടി വരില്ല. ഗൾഫ് വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ദുബൈ, അബുദാബി എന്നിവിടങ്ങളിലെ പ്രൊഫഷണലുകൾക്ക് ഖത്തറിലെ 10 വർഷത്തെ വിസ വലിയ ‘സെക്കൻഡ് ഹോം’ ഓപ്ഷനായി മാറും.

അപേക്ഷാ നടപടികൾ

ഹുകൂമി, ജുസൂർ (Jusour) പോർട്ടലുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മെഡിക്കൽ പരിശോധനകളും സുരക്ഷാ ക്ലിയറൻസും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം നാല് മുതൽ എട്ട് ആഴ്ച വരെ സമയമെടുക്കും.

Also read: