റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വരുമാനം തട്ടിയെടുത്തു; പരാതിയിൽ അന്വേഷണം
റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍, റിങ്കു സിങ്
അലിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഏകദേശം 16 ലക്ഷത്തോളം ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവത്തിൽ റിങ്കു സിങ്ങിന്റെ കുടുംബം പോലീസിൽ പരാതി നൽകി.
ക്രിക്കറ്റ് തിരക്കുകൾ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി റിങ്കു സിങ് തന്റെ ഫേസ്ബുക്ക് പേജ് സജീവമായി ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് ഹാക്കിങ് വിവരം വൈകി അറിയാൻ ഇടയാക്കിയത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടയുടനെ റിങ്കു സിങ അലിഗഡ് എസ്.എസ്.പി നീരജ് കുമാറിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച സഹോദരൻ സോനു സിങ് അലിഗഡ് സൈബർ ക്രൈം സെല്ലിൽ എത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പുറമെ, ഇതിലൂടെ ലഭിക്കേണ്ടിയിരുന്ന വരുമാനം (Monetization) ഹാക്കർമാർ തട്ടിയെടുക്കുന്നതായും പരാതിയിൽ ആരോപണമുണ്ട്. ഫേസ്ബുക്ക് പേജിൽനിന്നുള്ള വരുമാനം അന്യരുടെ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക തട്ടിപ്പ് പൂർണമായി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
പരാതിയുടെ അടിസ്ഥാനത്തിൽ അലിഗഡ് സൈബർ സെൽ ഊർജിത അന്വേഷണം ആരംഭിച്ചു. അക്കൗണ്ട് എപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഹാക്കർമാരെ കണ്ടെത്താനും അക്കൗണ്ട് ദുരുപയോഗം ചെയ്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.എസ്.പി നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് റിങ്കു സിങ്ങിന്റെ പേജിന് നേരിട്ട ഈ സുരക്ഷാ വീഴ്ച. സംഭവത്തിൽ ആരാധകരും ആശങ്കയിലാണ്.