02/03/2026
[fontresizer_tawhidurrahmandear_widget]

78,000 ദിർഹത്തിന്റെ രാജകീയ പ്രൗഢി; റൊണാൾഡോ അണിഞ്ഞ ബിഷ്ത് നിർമ്മിച്ചത് ഇങ്ങനെ

 78,000 ദിർഹത്തിന്റെ രാജകീയ പ്രൗഢി; റൊണാൾഡോ അണിഞ്ഞ ബിഷ്ത് നിർമ്മിച്ചത് ഇങ്ങനെ

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങൾക്ക് ആവേശം പകർന്ന് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഷൻ സൗദി ലീഗിൽ അൽ ഹസെമിനെതിരായ അൽ നസ്ർ എഫ്‌സിയുടെ 4-0 വിജയത്തിന് പിന്നാലെ, സൗദിയുടെ പരമ്പരാഗത വസ്ത്രമായ ബിഷ്ത് ധരിച്ചാണ് താരം ആരാധകരെ വിസ്മയിപ്പിച്ചത്. വെറുമൊരു വസ്ത്രം എന്നതിലുപരി, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ദേശീയ അഭിമാനവും വിളിച്ചോതുന്നതായിരുന്നു റൊണാൾഡോയുടെ ഈ വേറിട്ട രൂപം.

എന്താണ് ‘അൽമഅല്ലമ’ ബിഷ്ത്?

റൊണാൾഡോ ധരിച്ച ബിഷ്റ്റ് സാധാരണ ഒന്നല്ല; ‘അൽഅഹ്‌സ അൽമഅല്ലമ’ എന്നറിയപ്പെടുന്ന അതീവ അപൂർവവും വിലപിടിപ്പുള്ളതുമായ വസ്ത്രമാണിത്. ഏകദേശം 80,000 സൗദി റിയാലാണ് (ഏകദേശം 78,000 യുഎഇ ദിർഹം) ഇതിന്റെ മൂല്യം കണക്കാക്കുന്നത്. ഒട്ടക രോമം, പ്രകൃതിദത്തമായ കമ്പിളി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രം അതിന്റെ ആഡംബരപൂർണമായ രൂപകൽപ്പന കൊണ്ടും സൂക്ഷ്മമായ കൈവേലകൾ കൊണ്ടും ശ്രദ്ധേയമാണ്.

നിർമ്മാണത്തിന് പിന്നിലെ അധ്വാനം

ഈ സവിശേഷമായ വസ്ത്രം നെയ്‌തെടുക്കാൻ 30 ദിവസത്തോളം നീണ്ട കഠിനാധ്വാനം ആവശ്യമാണ്. തയ്യൽ വിദഗ്ധനായ അലി അൽ ഗവാസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ അമ്മയുൾപ്പെടെ ഒമ്പത് കരകൗശല വിദഗ്ധർ ചേർന്നാണ് ഇത് പൂർത്തിയാക്കിയത്. നെഞ്ചിലും തോളിലും സ്വർണവെള്ളി നൂലുകൾ ഉപയോഗിച്ച് നടത്തുന്ന സങ്കീർണമായ എംബ്രോയ്ഡറി ഇതിന് രാജകീയ പ്രൗഢി നൽകുന്നു. അൽഅഹ്‌സ മേഖലയിൽ തലമുറകളായി കൈമാറി വരുന്ന പരമ്പരാഗത വിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

സാംസ്‌കാരിക പ്രാധാന്യം

സൗദി അറേബ്യയുടെ സ്ഥാപക ഘട്ടങ്ങളിൽ രാജാക്കന്മാരും മുതിർന്ന നേതാക്കളും ധരിച്ചിരുന്ന വസ്ത്രത്തിന്റെ തുടർച്ചയായാണ് ഈ ഡിസൈൻ കണക്കാക്കപ്പെടുന്നത്. വാണിജ്യപരമായി വൻതോതിൽ ഉൽപ്പാദിപ്പിക്കാത്തതിനാൽ ഇവ വിപണിയിൽ പരിമിതമാണ്. അതിഥികൾക്കും വിശിഷ്ട വ്യക്തികൾക്കും സമ്മാനമായി നൽകുന്ന ബിഷ്ത്, പുരുഷ ചാരുതയുടെയും ആധികാരികതയുടെയും പ്രതീകമായാണ് ഗൾഫ് മേഖലയിൽ അറിയപ്പെടുന്നത്.

സൗദി സംസ്‌കാരത്തോടുള്ള റൊണാൾഡോയുടെ താൽപ്പര്യം മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2023ലെ സ്ഥാപക ദിനത്തിൽ വെളുത്ത തോബും കറുത്ത ബിഷ്തും ധരിച്ച് വാളേന്തി അറബി നൃത്തം ചെയ്യുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ ആഗോള ശ്രദ്ധ നേടിയിരുന്നു. 2023 ജനുവരിയിൽ അൽ നസ്‌റിലെത്തിയ താരം, സൗദി ഫുട്‌ബോളിന്റെ വളർച്ചയിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

Also read: