02/03/2026
[fontresizer_tawhidurrahmandear_widget]

ആലപ്പുഴ തീരത്ത് മുട്ടയിടാൻ കടലാമകൾ എത്തി; 135 മുട്ടകൾ കടലാമ സംരക്ഷണ പ്രവർത്തകർ ഹാച്ചറിയിലേക്ക് മാറ്റി

 ആലപ്പുഴ തീരത്ത് മുട്ടയിടാൻ കടലാമകൾ എത്തി; 135 മുട്ടകൾ കടലാമ സംരക്ഷണ പ്രവർത്തകർ ഹാച്ചറിയിലേക്ക് മാറ്റി

ആലപ്പുഴ: തീരദേശവാസികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ഒരുപോലെ സന്തോഷം പകർന്ന് ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് ഇത്തവണയും കടലാമകൾ മുട്ടയിടാനെത്തി. സീസൺ അവസാനിക്കാറായ വേളയിൽ വൈകിയെത്തിയ അതിഥി 135 മുട്ടകളാണ് തീരത്ത് നിക്ഷേപിച്ചത്. വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകളാണ് ഇവ. മുട്ടകൾ സംരക്ഷണ പ്രവർത്തകർ സുരക്ഷിതമായി ഹാച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

കാവലായി യുവനിര

കഴിഞ്ഞ 13 വർഷമായി തോട്ടപ്പള്ളി തീരത്ത് കടലാമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘ഗ്രീൻ റൂട്ട്‌സ് നേച്ചർ കൺസർവേഷൻ ഫോറം’ എന്ന യുവജന സംഘടനയാണ് മുട്ടകൾ ശേഖരിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘം സ്വന്തം ചെലവിലാണ് ഹാച്ചറി നിർമ്മിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ 2000 മുട്ടകൾ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീരശോഷണത്തിന്റെയും ഫലമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 45 മുതൽ 60 ദിവസത്തിനുള്ളിൽ വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങളെ വനംവകുപ്പിന്റെ സഹകരണത്തോടെ കടലിലേക്ക് വിടും.

ഒലീവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകളാണ് കേരള തീരത്ത് കാര്യമായി കാണപ്പെടുന്നത്. തീരത്തെത്തി മുട്ടയിട്ട് തിരിച്ചുപോകുന്ന ഇവ മടങ്ങിയെത്താറില്ല. വംശനാശ ഭീഷണി നേരിടുന്ന ഇവ ഐയുസിഎന്നി റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ജീവികളുമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള തീരശോഷണവും അശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും മറ്റ് ജീവികളുടെ ആക്രമണവുമെല്ലാമാണ് ഇവയെ വംശനാശത്തിലേക്ക് തള്ളിവിടുന്നത്.

കേന്ദ്ര ബജറ്റിലെ പ്രത്യാശ

കടലാമ പരിപാലനത്തിനായി കേന്ദ്ര ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചത് വലിയ പ്രതീക്ഷയോടെയാണ് തീരസംരക്ഷണ സമിതികൾ കാണുന്നത്. വർഷങ്ങളായി കടലാമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു. കോഴിക്കോട് വടകരയ്ക്ക് അടുത്ത കൊളാവി പാലത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ‘തീരം’ സംരക്ഷണ സമിതി പ്രവർത്തകർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

ബജറ്റിലെ പ്രഖ്യാപനങ്ങൾ

  • ഗവേഷണ കേന്ദ്രങ്ങൾ: കടലാമകളുടെ പ്രജനനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രീയ കേന്ദ്രങ്ങൾ.
  • ഇക്കോ ടൂറിസം: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുക.
  • ധനസഹായം: സന്നദ്ധ സംഘടനകൾക്ക് സർക്കാർ തലത്തിൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക.

സംസ്ഥാനത്തെ തോട്ടപ്പള്ളി, ചാവക്കാട്, കൊളാവിപാലം തുടങ്ങിയ തീരങ്ങളിൽ കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ ഈ ബജറ്റ് പ്രഖ്യാപനം വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.

Also read: