സ്വന്തം അമ്മൂമ്മയെയും അമ്മാവന്മാരെയും കൊള്ളയടിച്ച് 15 പവൻ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; ഐടി ജീവനക്കാരി പിടിയിൽ
പൂനെ: സ്വന്തം കുടുംബാംഗങ്ങളെ തന്നെ ലക്ഷ്യമിട്ട് വൻ മോഷണം നടത്തിയ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ പൂനെ പോലീസ് പിടികൂടി. ഹിഞ്ചേവാഡി ഐടി പാർക്കിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന 31-കാരിയായ ബിടെക്-എംബിഎ ബിരുദധാരിണിയാണ് അറസ്റ്റിലായത്. കടബാധ്യതകൾ തീർക്കാൻ സ്വന്തം മുത്തശ്ശിയെയും രണ്ട് അമ്മാവന്മാരെയും ഇവർ കൊള്ളയടിച്ചതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞയാഴ്ച കാർവേനഗറിൽ താമസിക്കുന്ന 75 വയസ്സുള്ള മുത്തശ്ശിയുടെ മുഖത്ത് രാസലായനി തളിച്ച് കവർച്ചയ്ക്ക് ശ്രമിച്ചതോടെയാണ് യുവതി കുടുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിംഹഗഡ് റോഡിലെയും കൊത്‌റുഡിലെയും അമ്മാവന്മാരുടെ വീടുകളിൽ നിന്ന് 15 പവൻ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവർ മോഷ്ടിച്ചതായി തെളിഞ്ഞു. പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ ആയതിനാലാണ് ബന്ധുക്കളെ തന്നെ ഇരകളാക്കിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.
കോവിഡ് കാലത്ത് ഓഹരി വിപണിയിലുണ്ടായ കനത്ത സാമ്പത്തിക നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണ വിവരം ഐടി ജീവനക്കാരനായ ഭർത്താവിൽ നിന്നും ഇവർ മറച്ചുവെച്ചിരുന്നു. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നമായതിനാൽ പരാതി പിൻവലിക്കാൻ കുടുംബാംഗങ്ങൾ നീക്കം തുടങ്ങിയതോടെ മോഷ്ടിച്ച സ്വർണ്ണം അമ്മാവന് തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കി. എന്നിരുന്നാലും, കവർച്ചാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് അന്വേഷണം തുടരുകയാണ്.