യൂറോപ്പിന്റെ ചരിത്രം മാറ്റിമറിക്കുന്ന കണ്ടെത്തൽ; ഡെൻമാർക്കിൽ 2000 വർഷം പഴക്കമുള്ള വൻ ക്ഷേത്രസമുച്ചയം കണ്ടെത്തി
കോപ്പൻഹേഗൻ: വടക്കൻ യൂറോപ്പിലെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തലുമായി പുരാവസ്തു ഗവേഷകർ. ഡെൻമാർക്കിലെ മധ്യ ജട്ട്‌ലാൻഡിലുള്ള ഹെഡെഗാർഡിൽ ഏകദേശം 2000 വർഷം പഴക്കമുള്ള കൂറ്റൻ ഇരുമ്പുയുഗ ക്ഷേത്രവും കോട്ടകെട്ടിയുറപ്പിച്ച വാസസ്ഥലവുമാണ് കണ്ടെത്തിയത്. മ്യൂസിയം മിഡ്റ്റ്‌ജൈലാൻഡ് നടത്തിയ ദീർഘകാല ഗവേഷണത്തിനൊടുവിലാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ ‘പവർ സെന്റർ’ വെളിപ്പെട്ടത്.
അപൂർവ്വമായ വാസ്തുവിദ്യയും മതപരമായ പ്രാധാന്യവും
ഏകദേശം ബിസി 50നും എ.ഡി 50നും ഇടയിലുള്ള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന് 16 മീറ്റർ വലിപ്പമാണുള്ളത്. ശക്തമായ തൂണുകളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലുള്ള കെട്ടിടത്തിനുള്ളിൽ ആഭരണങ്ങളാൽ അലങ്കരിച്ച വലിയൊരു അടുപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് സാധാരണ വീടല്ലെന്നും മറിച്ച് മതപരമായ ആചാരങ്ങൾ നടന്നിരുന്ന പുണ്യകേന്ദ്രമാണെന്നുമാണ് ഗവേഷകരുടെ നിഗമനം. സ്‌കാൻഡിനേവിയൻ പ്രദേശത്തെ ആദ്യകാല മതപരമായ വാസ്തുവിദ്യയെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ
ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി പ്രദേശം പുലർത്തിയിരുന്ന അടുത്ത ബന്ധമാണ് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. ക്ഷേത്ര അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഈജിപ്തിൽ നിന്നും ലെവന്റിൽ(കിഴക്കൻ മെഡിറ്ററേനിയൻ തീരപ്രദേശത്തെ സൂചിപ്പിക്കുന്ന ചരിത്രപരമായ ഭൂമിശാസ്ത്ര പദം, ആധുനിക സിറിയ, ലെബനൻ, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ, നിർവചനം അനുസരിച്ച് തെക്കൻ തുർക്കിയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശം) നിന്നും എത്തിച്ച ഗ്ലാസ് മുത്തുകൾ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ യൂറോപ്പ് അക്കാലത്ത് മെഡിറ്ററേനിയൻ രാജ്യങ്ങളുമായി നേരിട്ട് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നതിന്റെ ശക്തമായ തെളിവാണിതെന്ന് മ്യൂസിയം ഇൻസ്‌പെക്ടർ മാർട്ടിൻ വിന്തർ ഒലെസെൻ പറഞ്ഞു.
റോമൻ ഭീഷണിയും സുരക്ഷാ സംവിധാനങ്ങളും
റോമൻ സാമ്രാജ്യം ജർമ്മൻ അതിർത്തികളിലേക്ക് അധികാരം വ്യാപിപ്പിച്ചിരുന്ന കാലത്താണ് കോട്ട നിർമ്മിക്കപ്പെട്ടിരിക്കുന്നത്. റോമൻ സൈന്യത്തിന്റെ സാന്നിധ്യം ഭയന്ന് നിർമ്മിച്ച പ്രതിരോധ വേലികൾ ഇവിടെ കാണാം. റോമൻ ശൈലിയിലുള്ള നിർമ്മാണ രീതികൾ സ്വീകരിച്ചതിൽ നിന്ന് അക്കാലത്തെ നേതാക്കൾ രാഷ്ട്രീയമായും സൈനികമായും ഏറെ മുൻപന്തിയിലായിരുന്നുവെന്ന് വ്യക്തമാകുന്നു. സ്വർണ്ണം, വെങ്കലം, ആയുധങ്ങൾ എന്നിവ നിർമ്മിക്കുന്ന വിപുലമായ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു.
ചരിത്രരേഖയുടെ പ്രാധാന്യം കണക്കിലെടുത്ത് ഡെൻമാർക്ക് സർക്കാർ ഭൂമി ഏറ്റെടുക്കുകയും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. വരും തലമുറകൾക്കായി പൈതൃകം കാത്തുസൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മ്യൂസിയം അധികൃതർ.