ഹനുമാൻ ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ച യുവാക്കൾ പിടിയിൽ
ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ ഹനുമാൻ ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തബേല പ്രദേശത്ത് ഫെബ്രുവരി 8ന് രാത്രിയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന യുവാക്കൾ ഹനുമാൻ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിന് സമീപം മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ച് പോലീസ് പ്രതികളായ രാജാ ദുബെ, കമൽ അഹിർവാർ, അർപിത് ചൗഹാൻ എന്നിവരെ അറസ്റ്റ് ചെയ്തു.
മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയർന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ തുടങ്ങിയ സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതികൾ മദ്യലഹരിയിൽ സംഭവിച്ചുപോയതാണെന്ന് സമ്മതിച്ചു. ഇത്തരം പ്രവൃത്തികൾ ഇനി ആവർത്തിക്കില്ലെന്ന് എഴുതി നൽകുകയും പോലീസ് സ്‌റ്റേഷനിൽ വെച്ച് ചെവിയിൽ പിടിച്ച് മാപ്പ് ചോദിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.