ലോൺ ആപ്പ് ഭീഷണി: മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; 21കാരൻ ആസിഡ് കുടിച്ച് ജീവനൊടുക്കി
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു – 21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവിന്റെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനോവിഷമത്തിലാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ടയർ കടയിൽ ജീവനക്കാരനായിരുന്ന ആനന്ദ് സാമ്പത്തിക ആവശ്യങ്ങൾക്കായി ഓൺലൈൻ ആപ്പ് വഴി വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പിൽ നിന്നും നിരന്തരമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോൺ കോൺടാക്റ്റിലുള്ളവർക്ക് സംഘം അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ കടുത്ത മാനസിക സങ്കടത്തിലായ ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഈ മാസം നാലിനാണ് ജോലി ചെയ്യുന്ന കടയുടെ പിന്നിലെ ഷെഡിൽ ആനന്ദിനെ ആസിഡ് കുടിച്ച് അവശനായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലോൺ ആപ്പ് പ്രതിനിധികളിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പ് തട്ടിപ്പ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.