ആഫ്രിക്ക നേഷൻസ് കപ്പിൽ വീണ്ടും ’ഡ്രാമ’: സെനഗൽ അയോഗ്യർ; മൊറോക്കോയെ വിജയികളായി പ്രഖ്യാപിച്ചു
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനലിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ സെനഗലിനെ അയോഗ്യരാക്കി മൊറോക്കോയെ വിജയികളായി പ്രഖ്യാപിച്ചു. ജനുവരിയിൽ നടന്ന കലാശപ്പോരാട്ടത്തിലെ സെനഗലിന്റെ വിജയം റദ്ദാക്കിയ അപ്പീൽ ബോർഡ്, കിരീടം മൊറോക്കോയ്ക്ക് നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതോടെ 1976-ന് ശേഷം ആദ്യമായി മൊറോക്കോ ആഫ്രിക്കൻ കിരീടത്തിൽ മുത്തമിട്ടു.
ജനുവരി 18-ന് നടന്ന ഫൈനലിൽ അധികസമയത്ത് സെനഗൽ 1-0 ന് വിജയിച്ചിരുന്നു. എന്നാൽ മത്സരത്തിനിടെ ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറിയതും, മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിക്കെതിരെ പ്രതിഷേധിച്ചു സെനഗൽ താരങ്ങൾ ഗ്രൗണ്ട് വിട്ടതും വലിയ വിവാദമായിരുന്നു. കളി പൂർത്തിയാക്കുന്നതിന് മുമ്പ് റഫറിയുടെ അനുമതിയില്ലാതെ മൈതാനം വിട്ടാൽ ആ ടീമിനെ പരാജിതരായി കണക്കാക്കണമെന്ന ടൂർണമെന്റ് ചട്ടത്തിലെ ആർട്ടിക്കിൾ 82 മുൻനിർത്തിയാണ് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF) ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ മത്സരഫലം മൊറോക്കോയ്ക്ക് അനുകൂലമായി 3-0 എന്ന് രേഖപ്പെടുത്തി.
വിധിക്കെതിരെ സെനഗൽ താരങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രതിരോധ താരം മൂസ നിയാഖാതെയും എൽ ഹാഡ്ജി മാലിക് ഡിയോഫും ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. കേസ് ഇനി സ്വിറ്റ്‌സർലൻഡിലെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിലേക്ക് (CAS) നീങ്ങാനാണ് സാധ്യത. നിലവിൽ പുതിയ വിധിയോടെ ആഫ്രിക്കൻ ചാമ്പ്യന്മാരെന്ന പദവിയോടെയാകും മൊറോക്കോ വരാനിരിക്കുന്ന 2026 ലോകകപ്പിന് ഇറങ്ങുക.