ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ലക്ഷക്കണക്കിന് ഭക്തർ
തിരുവനന്തപുരം: പ്രാർഥനാ പുണ്യത്തിന്റെ നിറവിൽ അനന്തപുരി. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേർന്ന ഇന്ന് രാവിലെ കൃത്യം 10.20-ഓടെ ക്ഷേത്ര സന്നിധിയിലെ പണ്ടാര അടുപ്പിൽ തീ പകർന്നു.
ക്ഷേത്ര തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് പകർന്നുനൽകിയ ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്കും തുടർന്ന് സഹമേൽശാന്തി പണ്ടാര അടുപ്പിലേക്കും പകർന്നു. ഇതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും കാത്തുനിന്ന ഭക്തലക്ഷങ്ങൾ തങ്ങളുടെ അടുപ്പുകളിൽ അഗ്നി ജ്വലിപ്പിച്ചു. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തിനിർഭരമായ നിമിഷത്തിന് വിളംബരമേകി.
ഉച്ചയ്ക്ക് 2.15-ഓടെ നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷമായിരിക്കും പൊങ്കാല നിവേദ്യം. നിവേദ്യ ചടങ്ങുകൾക്കായി 350 ശാന്തിമാരെയാണ് ട്രസ്റ്റ് നിയോഗിച്ചിരിക്കുന്നത്. ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കില്ല. രാത്രി കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്തും മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തും നടക്കും. നാളെ രാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.