28/03/2026
[fontresizer_tawhidurrahmandear_widget]

ഗോ രക്ഷയ്ക്കായി ആയുധമേന്തിയ 2 ലക്ഷം പേരുടെ ‘ചതുരംഗിണി സേന’: പ്രഖ്യാപനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ്

 ഗോ രക്ഷയ്ക്കായി ആയുധമേന്തിയ 2 ലക്ഷം പേരുടെ ‘ചതുരംഗിണി സേന’: പ്രഖ്യാപനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ്

വാരണസി: സനാതന ധർമ്മത്തിന്റെയും പശുക്കളുടെയും സംരക്ഷണത്തിനായി ആധുനികവും പരമ്പരാഗതവുമായ ആയുധമേന്തിയ രണ്ടു ലക്ഷത്തിലധികം അംഗങ്ങളുള്ള ‘ശങ്കരാചാര്യ ചതുരംഗിണി സേന’ രൂപീകരിക്കുന്നതായി ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രഖ്യാപിച്ചു. കാശിയിലെ ശ്രീ വിദ്യാമഠത്തിൽ നടന്ന ചടങ്ങിലാണ് വിവാദങ്ങൾക്കിടയിലും നിർണ്ണായകമായ ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

ജാതി, ലിംഗ ഭേദമന്യേ എല്ലാവർക്കും ഈ സേനയിൽ അംഗങ്ങളാകാമെന്നതാണ് ഇതിന്റെ പ്രത്യേകത. സനാതന ധർമ്മത്തിന് നേരെയുള്ള ഭീഷണികൾ നേരിടാൻ കേവലം ശാസ്ത്ര ചർച്ചകൾ മാത്രം പോരെന്നും ആത്മവിശ്വാസമുള്ള ഒരു സംഘടിത ശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.’റോക്കോ, ടോക്കോ, ഠോക്കോ’ (തടയുക, ചോദ്യം ചെയ്യുക, നേരിടുക) എന്ന മുദ്രാവാക്യമാണ് സേന മുന്നോട്ടുവെക്കുന്നത്.

എന്നാൽ ഇത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കല്ലെന്നും ഭരണഘടനാപരമായ മാർഗങ്ങളിലൂടെ അനീതിക്കെതിരെ പോരാടാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും സേനയുടെ നേതൃത്വത്തിൽ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ശങ്കരാചാര്യർ അറിയിച്ചു. ബൗദ്ധികം, ശാരീരികം, സാമ്പത്തികം, സന്നദ്ധസേവനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സേന പ്രവർത്തിക്കുക. മഞ്ഞ വസ്ത്രവും കൈയ്യിൽ മഴുവും ധരിച്ചായിരിക്കും സേനാംഗങ്ങൾ പ്രവർത്തിക്കുക. അടുത്ത വർഷത്തെ മാഘമേളയോടെ 2,18,700 അംഗങ്ങളുള്ള പൂർണസജ്ജമായ സേന രാജ്യത്തുടനീളം പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: