28/03/2026
[fontresizer_tawhidurrahmandear_widget]

ഡോ. കെവി ജോണി അന്തരിച്ചു; ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ്

 ഡോ. കെവി ജോണി അന്തരിച്ചു; ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ്

കൊച്ചി : ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി പ്രശസ്ത നെഫ്രോളജിസ്റ്റും വിപിഎസ് ലേക്‌ഷോർ ആശുപത്രി ഡയറക്ടറുമായ തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് ഉപരിക മാളിക 12-ബിയിൽ ഡോ. കെവി ജോണി (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. വെല്ലൂർ സിഎംസിയിൽ വെച്ച് 1971ലാണ് ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിനു വെല്ലൂരിൽ തുടക്കം കുറിച്ചതും ഡോ. ജോണിയാണ്. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ രാജ്യത്തു വ്യാപിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

സംസ്‌കാരം 18നു തേവര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടക്കും. അന്നു രാവിലെ 9 മുതൽ 09.30 വരെ ലേക്‌ഷോർ ആശുപത്രിയിലും 10 മുതൽ തേവര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലും പൊതു ദർശനം. കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. 1993ൽ കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റി അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈത്തുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിനു കുവൈത്ത് ഏർപ്പെടുത്തിയ ആരോഗ്യ പ്രതിനിധി സംഘത്തിലെ പ്രധാനിയായിരുന്നു.

കുവൈത്ത് പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിൽ മുബാറക് അൽ കബീർ സർവകലാശാല ഹോസ്പിറ്റലിലെ നെഫ്രോളജി തലവൻ, മെഡിസിൻ വിഭാഗം ചെയർമാൻ, കുവൈത്ത് മിനിസ്ട്രി ഫോർ മെഡിക്കൽ സ്പഷലൈസേഷൻ ഓഫ് ഇന്ത്യൻ പ്രഫഷനൽസ് മുൻ പ്രസിഡന്റ്, കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, വേൾഡ് ഇന്ത്യ ഡയബറ്റിസ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം, കുവൈത്തിലെ ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം രക്ഷാധികാരി തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ചു.

ആരോഗ്യരംഗത്തെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ: ചോറ്റാനിക്കര പുത്തൻവീട്ടിൽ ഡോ. മോളി ജോണി(വിപിഎസ് ലേക്‌ഷോർ ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി). മക്കൾ: ഡോ. വിനോ ജോൺ വർഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ). മരുമക്കൾ : ഡോ. കിരൺ (യുഎസ്), ഡോ. പാം (യുഎസ്), ഡോ. വികാസ് (യുകെ).

Also read: