എപ്സ്റ്റീനുമായി ബന്ധം; പാപികൾക്കിടയിൽ ദൈവത്തിന്റെ സ്‌നേഹമെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരണം, പാസ്റ്ററെ സഭ സസ്‌പെൻഡ് ചെയ്തു
വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മിസോറിയിലെ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് പാസ്റ്ററായ റവ. സ്‌റ്റെഫാനി എൽ. റെമിംഗ്ടണിനെ ശുശ്രൂഷകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ലിറ്റിൽ സെന്റ് ജെയിംസ് എന്ന സ്വകാര്യ ദ്വീപിന്റെ താൽക്കാലിക പ്രോപ്പർട്ടി മാനേജരായും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായും ഇവർ സേവനമനുഷ്ഠിച്ചിരുന്നുവെന്ന് വ്യക്തമായതോടെയാണ് ബിഷപ്പ് റോബർട്ട് ഫാർ നടപടിയെടുത്തത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകൾ പരിശോധിച്ച റവ. എലിസബത്ത് ഗ്ലാസ് ടർണർ എന്ന എഴുത്തുകാരിയാണ് റെമിംഗ്ടണിന്റെ പേര് അതിൽ കണ്ടെത്തുകയും സഭാ അധികൃതരെയും യുണൈറ്റഡ് മെത്തഡിസ്റ്റ് ന്യൂസിനെയും വിവരം അറിയിക്കുകയും ചെയ്തത്.
2018 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ എപ്സ്റ്റീന്റെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായും, തുടർന്ന് 2019 ജനുവരി മുതൽ മെയ് വരെ അദ്ദേഹത്തിന്റെ ദ്വീപിന്റെ മാനേജരായുമാണ് റെമിംഗ്ടൺ ജോലി ചെയ്തത്. എപ്സ്റ്റീൻ ആദ്യമായി ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷമുള്ള കാലയളവിലാണിത്. 1,800ലധികം രേഖകളിൽ റെമിംഗ്ടണിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇമെയിലുകളാണ്.
മിസോറിയിലെ വിവിധ പള്ളികളിൽ 2001 മുതൽ 2016 വരെ പാസ്റ്ററായി സേവനമനുഷ്ഠിച്ച റെമിംഗ്ടൺ, പിന്നീട് വെസ്ലി തിയോളജിക്കൽ സെമിനാരിയിലെ ലൂയിസ് സെന്റർ ഫോർ ചർച്ച് ലീഡർഷിപ്പിൽ റിമോട്ട് കോൺട്രാക്ട് ജോലി ചെയ്യുകയായിരുന്നുവെന്നാണ് സഭയെ ധരിപ്പിച്ചിരുന്നത്. 2025 വരെ ഇവർ ഇതേ ജോലിയിലാണെന്ന് സഭ വിശ്വസിച്ചിരുന്നെങ്കിലും 2018ൽ തന്നെ ഇവർ അവിടെനിന്നും മാറിയിരുന്നു.
എപ്സ്റ്റീൻ ഒരു ലൈംഗിക കുറ്റവാളിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് താൻ ആ ജോലി സ്വീകരിച്ചതെന്ന് ‘ജെറൂഷ മൂൺ’ എന്ന തൂലികാനാമത്തിൽ എഴുതിയ ബ്ലോഗിലൂടെ റെമിംഗ്ടൺ സമ്മതിച്ചു. യേശുക്രിസ്തു പാപികൾക്കിടയിലാണ് പ്രവർത്തിച്ചിരുന്നതെന്നും, എല്ലാവരിലും ദൈവത്തിന്റെ സ്‌നേഹവും പ്രത്യാശയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ആ ദൗത്യം ഏറ്റെടുത്തതെന്നുമാണ് ഇവർ നൽകുന്ന വിശദീകരണം. ദ്വീപിൽ വച്ച് മോശമായ രീതിയിലുള്ള യാതൊരു പ്രവൃത്തികളും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇവർ അവകാശപ്പെട്ടു. നിലവിൽ 90 ദിവസത്തേക്കാണ് ഇവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സഭയുടെ നിയമങ്ങൾ പ്രകാരം തന്റെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ റെമിംഗ്ടൺ പരാജയപ്പെട്ടുവെന്ന് സഭാ അധികൃതർ ചൂണ്ടിക്കാട്ടി. ലൈംഗിക ചൂഷണങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന സഭയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് റെമിംഗ്ടണിന്റെ പ്രവൃത്തികളെന്ന് സഭ പ്രസ്താവനയിൽ പറഞ്ഞു.