ആ കുഴിയിൽ പ്രതികൾ വീണു, സെക്കൻഡുകൾ കൊണ്ട് ഫോട്ടോയിലെ സാമ്യം കണ്ടെത്തി; ആയുധമാക്കിയത് ‘ഗാണ്ഡീവം’
കണ്ണൂർ : ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ രണ്ട് പ്രതികളെ 10 വർഷത്തിനു ശേഷം സംസ്ഥാന ക്രൈംബ്രാഞ്ചിന് പിടികൂടാൻ സാധിച്ചതിനു പിന്നിൽ ദേശസുരക്ഷ ലക്ഷ്യംവെച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗാണ്ഡീവം പോർട്ടൽ. ആധാർ കാർഡുകൾ ഉപയോഗിച്ച് സിം എടുക്കുന്ന വിവരങ്ങൾ ഈ പോർട്ടൽ ശേഖരിക്കും. പ്രതികൾ സിം കാർഡ് എടുത്തപ്പോഴാണ് പോലീസിന് ഇവരെ കുറിച്ചുളള വിവരം ലഭിച്ചത്. ദേശസുരക്ഷയ്ക്കു പുറമെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ തടയിടാനും ഗാണ്ഡീവം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നു.
ഡൽഹി നാങ്ലോയി സ്വദേശി പർവീൺ ബാനു (55) മകൾ സക്കീന ഫാത്തിമ (32) എന്നിവരെയാണ് ഇരിക്കൂർ കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. പലതരം തട്ടിപ്പുകൾ നടത്തി ജീവിക്കുകയായിരുന്ന കുടുംബം പോലീസ് പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വ്യാജരേഖകൾ ഉപയോഗിച്ചാണ് താമസസ്ഥലം കണ്ടെത്തിയിരുന്നത്. കർണാടക സ്വദേശിക്ക് സൗജന്യമായി വസ്ത്രം വാഗ്ദാനം ചെയ്ത് സിം കാർഡും സംഘടിപ്പിച്ചു.
എന്നാൽ ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്ത് മുങ്ങാനായി ഒരുക്കിയ പദ്ധതിയിൽ പ്രതികൾ സ്വയം വീഴുകയായിരുന്നു. ആധാറുമായി ബന്ധിപ്പിച്ച സിം കാർഡുള്ളവർക്ക് മാത്രമേ വായ്പ ലഭ്യമാവുകയുള്ളൂവെന്ന ചട്ടമൊരുക്കിയ കുഴിയിലാണ് പ്രതികൾ വീണത്. സിംകാർഡിനായി എടുത്ത ഫോട്ടോയും കുഞ്ഞാമിന കൊലക്കേസിലെ പ്രതിയുടെ ഫോട്ടോയും തമ്മിലുള്ള സാമ്യം കണ്ടെത്താൻ ഗാണ്ഡീവത്തിന്റെ നിർമ്മിത ബുദ്ധിക്ക് സെക്കൻഡുകൾ മതിയായിരുന്നു.
2016 ഏപ്രിൽ 30ന് രാവിലെ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി 10 പവന്റെ ആഭരണങ്ങളും പണവുമായി പ്രതികൾ മുങ്ങിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി മാറിമാറി 10 വർഷം താമസിച്ച ഇവരെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ഉജ്ജയിനിയിൽനിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ഓങ്കോൾ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. മറ്റൊരു പ്രതിയായ പർവീൻ ബാനുവിന്റെ മകനെയും അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രൈംബ്രാഞ്ച് തുടങ്ങിക്കഴിഞ്ഞു. അതിനാഴ് പർവീൺ ബാനുവിനെയും മക്കൾ സക്കീന ഫാത്തിമയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.