‘ഗസ്സയല്ല ഇറാൻ, ഹൈപ്പർസോണിക് മിസൈലുകളും ശക്തമായ സഖ്യകക്ഷികളുമുള്ള ഒരു പരമാധികാര രാജ്യമാണ്’ : അരുന്ധതി റോയ്
ന്യൂഡൽഹി : അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഗസ്സയിൽ വംശഹത്യ നടത്തിയപോലെ ഇസ്രയേലിന് ഇറാനിൽ എളുപ്പമാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. മാർച്ച് 9ന് ഗുഡ്ഗാവിൽ എഴുത്തുകാരിയുടെ മാതാവ് മേരി റോയിയുടെ സ്മരണികയെക്കുറിച്ചുള്ള ചടങ്ങിലാണ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെയുള്ള ആക്രമണങ്ങൾ ലോകത്തെ ആണവ ദുരന്തത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിക്കുമെന്നും അവർ വ്യക്തമാക്കി.
അലി ഖാംനഇയുടെ വധത്തിന് പിന്നാലെ ഗസ്സയിൽ നടപ്പാക്കിയ വംശഹത്യയുടെ തുടർച്ചയാണ് ഇറാനിലും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ഗസ്സയെപ്പോലെ ശക്തമായി പ്രതിരോധിക്കാൻ കഴിയാത്ത രാജ്യമല്ലെന്നും ഹൈപ്പർ സോണിക് മിസൈലുകളും ശക്തമായ സഖ്യകക്ഷികളുമുള്ള ഒരു പരമാധികാര രാജ്യമാണ് ഇറാനെന്നും അവർ ചൂണ്ടിക്കാട്ടി.
ഇറാനെതിരെയുള്ള യുദ്ധത്തിൽ കേന്ദ്ര സർക്കാറിന്റെ നിലപാടിനെ അരുന്ധതി റോയ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. രാജ്യം നട്ടെല്ലില്ലാത്ത നയങ്ങളാണ് സ്വീകരിക്കുന്നതെന്നും സാമ്രാജ്യത്വ ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇസ്രയേൽ ബങ്കറുകളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന സംഭവം ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു.