ഇറാന്റെ തുടർച്ചയായ ആക്രമണം; ഇസ്രയേലിന്റെ പ്രതിരോധ മിസൈലുകൾ തീരുന്നു
തെൽഅവീവ് : ഇറാനുമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേലിന്റെ പ്രതിരോധ മിസൈൽ ശേഖരം കാലിയാവുന്നു. തുടർച്ചയായി മിസൈൽ ആക്രമണങ്ങളെ നേരിടുന്നത് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സെമഫോർ റിപ്പോർട്ട് ചെയ്തു. ഗസ്സയിലും ലെബനനിലും യുദ്ധം തുടരുന്നതിനൊപ്പം ഇറാനിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങൾ കൂടി ഉണ്ടായതോടെയാണ് ഇസ്രായേൽ പ്രതിസന്ധിയിലായത്.
പ്രധാന പ്രതിരോധ കവചങ്ങളായ ‘അയൺ ഡോം’, ‘ഡേവിഡ്‌സ് സ്ലിംഗ്’, ‘ആരോ’ എന്നീ സംവിധാനങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ആയിരക്കണക്കിന് മിസൈലുകളെയും ഡ്രോണുകളെയുമാണ് തടഞ്ഞത്. ഇതിനായി ഉപയോഗിക്കുന്ന ഓരോ ഇന്റർസെപ്റ്റർ മിസൈലിനും വലിയ വിലയാണ്. ഇറാൻ കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പിന്നാലെ, ഇസ്രയേലിന്റെ പക്കലുള്ള സ്‌റ്റോക്ക് വലിയ തോതിൽ കുറഞ്ഞു. ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള സൈനിക സഹായം എത്തിയാൽ മാത്രമേ ഇസ്രായേലിന് മുന്നോട്ട് പോകാൻ കഴിയൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്.
പ്രതിരോധ മിസൈലുകളുടെ കുറവ് പരിഹരിക്കാൻ അമേരിക്ക തങ്ങളുടെ അത്യാധുനിക ‘താഡ്’ മിസൈൽ പ്രതിരോധ സംവിധാനം ഇസ്രയേലിൽ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കൻ സൈനികർ നേരിട്ടാണ് ഇത് പ്രവർത്തിപ്പിക്കുക. സ്വന്തം മിസൈലുകൾ തീർന്നുപോകുന്നത് ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇറാൻ ആക്രമണം ശക്തമാക്കിയാൽ അവയെല്ലാം തടയാൻ ഇസ്രയേലിന് കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഒരേസമയം നൂറുകണക്കിന് മിസൈലുകൾ തൊടുക്കുമ്പോൾ അവയെ നേരിടാൻ ആവശ്യമായ സ്‌റ്റോക്ക് നിലനിർത്തുകയെന്നത് ഇസ്രയേൽ സൈന്യത്തിന് ഇപ്പോൾ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് മാസങ്ങളോളം സമയമെടുക്കുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.