ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ
തെൽഅവീവ്: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തിങ്കളാഴ്ച രാത്രി ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനിയെ വധിച്ചതെന്നാണ് വിവരം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാൻ പാരാമിലിട്ടറി വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ തലവൻ ഘോഘം റേസ സുലൈമാനിയും ലാരിജാനിക്കൊപ്പം കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെടുന്നു.
ഇറാനിലെ രണ്ടാമത്തെ ശക്തനായ നേതാവായാണ് അലി ലാരിജാനി അറിയപ്പെട്ടിരുന്നത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും സംയുക്തമായ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ തന്ത്രപരമായ നീക്കങ്ങൾക്കും ഭരണനിർവ്വഹണത്തിനും നേതൃത്വം നൽകിയിരുന്നത് ലാരിജാനിയായിരുന്നു. ഇറാന്റെ ആണവ ചർച്ചകളിലും സുരക്ഷാ കാര്യങ്ങളിലും നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ട്രംപിന് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
എന്നാൽ ലാരിജാനിയുടെ മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലാരിജാനി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ലാരിജാനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത് ആശയക്കുഴപ്പത്തിന് കാരമായിരുന്നു. ഇത് നേരത്തെ തയാറാക്കിയതാണെന്നും മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഇറാൻ നൽകിയിട്ടില്ലെന്നും ഇസ്രയേൽ പ്രതിരോധ വിദഗ്ജർ പറഞ്ഞു.