മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; മികച്ച ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’
ലൊസാഞ്ചലസ്: 98-ാമത് ഓസ്കർ അവാർഡുകളിൽ പോൾ തോമസ് ആൻഡേഴ്‌സൻ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രം ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങൾ നേടി. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജെസി ബക്ലി മികച്ച നടിയായും ‘സിന്നേഴ്‌സി’ലൂടെ മൈക്കിൾ ബി ജോർദൻ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, മികച്ച ചിത്രം, അവലംബിത തിരക്കഥ, കാസ്റ്റിങ് തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ നേട്ടമുണ്ടാക്കി. കസാന്ദ്ര കുലുകുൻഡിസിനാണ് മികച്ച കാസ്റ്റിങ്ങിനുള്ള പുരസ്‌കാരം. ഓസ്‌കർ ചരിത്രത്തിൽ ആദ്യമായാണ് ഈ വിഭാഗത്തിൽ അവാർഡ് നൽകുന്നത്.
‘സിന്നേഴ്‌സ്’ എന്ന ചിത്രത്തിലൂടെ ഓട്ടം ഡ്യൂറൾഡ് അർക്കപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടി ചരിത്രം കുറിച്ചു. ഈ വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ വനിതയും ആദ്യ കറുത്ത വർഗക്കാരിയുമാണ് ഓട്ടം. മികച്ച നടൻ, ക്യാമറ, ഒറിജിനൽ സ്കോർ, തിരക്കഥ എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ‘സിന്നേഴ്‌സ്’ സ്വന്തമാക്കിയത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ മികച്ച സഹനടനായെങ്കിലും അദ്ദേഹം പുരസ്‌കാരം സ്വീകരിക്കാൻ എത്തിയിരുന്നില്ല. മുൻപ് ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിൽ നിന്നും താരം വിട്ടുനിന്നിരുന്നു.
മറ്റ് പ്രധാന പുരസ്‌കാരങ്ങളിൽ, നോർവീജിയൻ ചിത്രമായ ‘സെന്റിമെന്റൽ വാല്യു’ മികച്ച വിദേശ ഭാഷാ ചിത്രമായും കൊറിയൻ സിനിമയായ ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്‌സ്’ മികച്ച ആനിമേറ്റഡ് ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്‌സി’നാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്‌കാരവും ലഭിച്ചത്. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രം പ്രൊഡക്ഷൻ ഡിസൈൻ, മേക്കപ്പ് വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നേടി. ‘വെപ്പൻസ്’ എന്ന സിനിമയിലൂടെ എയ്‌മി മാഡിഗൻ മികച്ച സഹനടിയായി. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്‌കാരം ‘അവതാർ: ഫയർ ആൻഡ് ആഷി’നും ശബ്ദസന്നിവേശത്തിനുള്ള പുരസ്‌കാരം ‘എഫ് വണ്ണി’നും ലഭിച്ചു.
മ്യൂസിക്കൽ-വാംപയർ ചിത്രമായ ‘സിന്നേഴ്‌സും’ ടേബിൾ ടെന്നീസ് താരം മാർട്ടി റെയ്സ്മാന്റെ ജീവിതകഥ പറഞ്ഞ ‘മാർട്ടി സുപ്രീമും’ തമ്മിലായിരുന്നു പ്രധാന മത്സരമെങ്കിലും അവാർഡ് നേട്ടത്തിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മുൻതൂക്കം നേടി. പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ തുടർച്ചയായ രണ്ടാം വർഷവും അവതാരകനായി എത്തിയ ചടങ്ങിൽ പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഇറാൻ്റെ ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് അവാർഡ് നിശ നടന്നത്.