‘കോൻ ബനേഗ ക്രോർപതി’യിൽ 50 ലക്ഷം നേടിയ തഹസിൽദാർ 2.5 കോടിയുടെ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഭോപ്പാൽ: പ്രശസ്ത ടെലിവിഷൻ ക്വിസ് ഷോയായ കോ ബനേഗ ക്രോർപതിയിലൂടെ (KBC) 50 ലക്ഷം രൂപ നേടി ദേശീയ ശ്രദ്ധയാകർഷിച്ച വനിതാ തഹസിൽദാർ അമിത സിങ് തോമർ അഴിമതി കേസിൽ അറസ്റ്റിലായി. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ 2021-ലുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട 2.5 കോടി രൂപയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിലാണ് നടപടി.
ഗ്വാളിയോറിലെ ചന്ദ്രവാദ്നി നാകയിലുള്ള വസതിയിൽ വെച്ച് ഇന്നലെയാണ് ഇവരെ പോലീസ് പിടികൂടിയത്. ബറോഡ തഹസിൽദാറായി സേവനമനുഷ്ഠിക്കവെ, വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദുരിതാശ്വാസ തുക വകമാറ്റി എന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെയുള്ളത്. സംഭവത്തിൽ ഇതുവരെ തോമറിനെ കൂടാതെ 22 പട്വാരിമാരും (റവന്യൂ ഉദ്യോഗസ്ഥർ) മറ്റൊരു തഹസിൽദാറും ഉൾപ്പെടെ നിരവധിപ്പേർ അറസ്റ്റിലായിട്ടുണ്ട്. ആകെ 110 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിജയ്പൂരിലെ തഹസിൽദാറായി ജോലി ചെയ്ത് വരികയായിരുന്ന തോമറിനെ കഴിഞ്ഞ ബുധനാഴ്ച കളക്ടർ അർപിത് വർമ്മ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നേരത്തെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുൻകൂർ ജാമ്യത്തിനായി ഇവർ അപേക്ഷ നൽകിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അമിത സിങ് തോമറിനെ നിലവിൽ ശിവപുരി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അമിതാഭ് ബച്ചൻ അവതാരകനായ കെബിസിയിൽ പങ്കെടുത്ത് വൻ തുക നേടിയത് വഴി ഇവർ വലിയ ജനപ്രീതി നേടിയിരുന്നു.