അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടൽതീരത്ത് കണ്ടെത്തി; തുടർച്ചയായ മരണങ്ങളിൽ ഞെട്ടി മലയാളി സമൂഹം
ഡബ്ലിൻ: അയർലൻഡിൽ രണ്ട് ദിവസം മുൻപ് കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് (33) ബ്രേ മേഖലയിലെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
ലുവാസ് ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷമാണ് അശ്വതിയെ കാണാതാകുന്നത്. സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തി. തുടർന്ന് ഇന്നലെ രാവിലെ ബ്രേ മേഖലയിൽ നിന്ന് ലഭിച്ച മൃതദേഹം സുഹൃത്തുക്കൾ ആശുപത്രിയിലെത്തി തിരിച്ചറിയുകയായിരുന്നു. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ നിന്നാണ് അശ്വതി ജോലി ആവശ്യത്തിനായി അയർലൻഡിലെത്തിയത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലെറ്റർക്കെന്നിയിലേക്ക് സ്ഥലം മാറി പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അയർലൻഡിലെ മലയാളി സമൂഹത്തെ നടുക്കുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രെയിൽ തന്നെ ഐടി ഉദ്യോഗസ്ഥനായ അനീഷ് സോജനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ഒരു മാസം മുൻപ് അയർലൻഡിലെത്തിയ കർണാടക സ്വദേശി സൻജോ സുനിലിന്റെ ആത്മഹത്യയും വലിയ വേദനയായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വതിയുടെ മരണവാർത്തയും പുറത്തുവരുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.