27/03/2026
[fontresizer_tawhidurrahmandear_widget]

ഒമാനിൽ മിന്നൽ പ്രളയം: പാലക്കാട് സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

 ഒമാനിൽ മിന്നൽ പ്രളയം: പാലക്കാട് സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല ലുബിഷാദ് (32), യൂസഫ് (37) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെ ബർകയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

സുഹൃത്തിന്റെ വീട്ടിലെ വിരുന്നിനുശേഷം മടങ്ങുകയായിരുന്ന മലയാളികളുടെ വാഹനം ബർക സൂക്കിനുള്ളിലെ വാദിയിൽ (മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്ന ചാൽ) പെടുകയായിരുന്നു. തൃത്താല സ്വദേശിയായ ലുബിഷാദും കുടുംബവും യൂസഫിന്റെ കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ലുബിഷാദും മക്കളും ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഊർജിതമായി നടന്നുവരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രവാസി സംഘടനകൾ അറിയിച്ചു.

Also read: