28/03/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ അമേരിക്കയ്ക്ക് വലിയ ‘സമ്മാനം’ നൽകിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ

 ഇറാൻ അമേരിക്കയ്ക്ക് വലിയ ‘സമ്മാനം’ നൽകിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ

വാഷിങ്ടൺ: യുദ്ധം ആരംഭിച്ച് നാലാം ആഴ്ച പിന്നിടുമ്പോൾ ഇറാനുമായുള്ള ബന്ധത്തിൽ നിർണായക വഴിത്തിരിവുണ്ടായതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ നൽകിയെന്നും ഇത് ചൊവ്വാഴ്ച തന്നെ തനിക്ക് ലഭിച്ചുവെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ നീക്കമെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ സാമ്പത്തിക മൂല്യമുള്ള ഒരു വിട്ടുവീഴ്ചയാണ് ഇറാൻ ഇതിലൂടെ നടത്തിയിരിക്കുന്നത്. ഈ മാറ്റം ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ടതല്ലെന്നും, മറിച്ച് എണ്ണ, പ്രകൃതിവാതകം എന്നിവയുടെ സുഗമമായ നീക്കത്തിന് ഇറാൻ നൽകിയ ഉറപ്പാണെന്നും ട്രംപ് വ്യക്തമാക്കി.

തന്റെ ഭരണകൂടത്തിലെ പ്രധാനികളായ ജെഡി വാൻസ്, മാർക്കോ റൂബിയോ, ജാരെഡ് കുഷ്‌നർ എന്നിവർ ഇറാനിലെ പുതിയ നേതൃത്വവുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇറാൻ ഒരു കരാറിലെത്താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ അവിടെ ഒരു ഭരണമാറ്റം സംഭവിച്ചതായും, മുൻപത്തെക്കാൾ വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകളോടാണ് തങ്ങൾ ഇപ്പോൾ സംസാരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഊർജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും താൻ ഈ വിഷയം ചർച്ച ചെയ്തതായും ഹോർമുസ് കടലിടുക്ക് തുറന്നു നൽകേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ, അമേരിക്കയുമായി നിലവിൽ ഔദ്യോഗിക ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.

Also read: