‘നോമ്പ് നോറ്റ 13കാരനെ ബർത്ത് ഡേ പാർട്ടിക്കെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി നെറ്റിയിൽ വെടിവെച്ച് കൊന്നു’; യുപി ഉപമുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
ലഖ്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ അനന്തരവൻ 13 വയസ്സുള്ള ആൺകുട്ടിയെ വെടിവച്ചു കൊന്നു. സരോജിനി നഗർ സ്വദേശിയായ സമീർ ഖാന്റെ മകൻ ഉനൈസ് (13) ആണ് മരിച്ചത്. ഉപമുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻ സഞ്ജീവ് ത്രിപാഠിയുടെ മകന്റെ ജന്മദിന ആഘോഷത്തിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോൾ, അബദ്ധത്തിൽ സംഭവിച്ച വെടിവയ്പ്പാണെന്നാണ് പോലീസ് വാദം.
ജന്മദിന പാർട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം കാറിലിരിക്കവെ അബദ്ധത്തിൽ തോക്ക് പൊട്ടിയതാണെന്നാണ് ലഖ്‌നൗ പോലീസ് പറയുന്നത്. എന്നാൽ ഉനൈസിന്റെ നെറ്റിയുടെ മധ്യഭാഗത്താണ് വെടിയേറ്റതെന്നും ഇത് കൃത്യമായ ലക്ഷ്യത്തോടെയുള്ള കൊലപാതകമാണെന്നും പിതാവ് സമീർ ഖാൻ ആരോപിച്ചു. സ്‌കൂളിലെ പി.ടി.എ മീറ്റിംഗിനിടെ സഞ്ജീവ് ത്രിപാഠിയുമായി തർക്കമുണ്ടായിരുന്നുവെന്നും അന്ന് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സമീർ ഖാൻ പറഞ്ഞു. തന്റെ മകനെ ബലമായി വീട്ടിൽ നിന്ന് കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം പരാതിപ്പെടുന്നു.
സംഭവത്തിൽ സഞ്ജീവ് ത്രിപാഠി, അദ്ദേഹത്തിന്റെ മകൻ,ഡ്രൈവർ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സഞ്ജീവ് ത്രിപാഠിയുടെ ലൈസൻസുള്ള തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചത്. ഉപമുഖ്യമന്ത്രിയുടെയും മുൻ എം.എൽ.സി ഗുഡ്ഡു ത്രിപാഠിയുടെയും അടുത്ത ബന്ധുക്കളായതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. യോഗി സർക്കാരിന്റെ ‘സീറോ ടോളറൻസ്’ നയം വെറും വാചകക്കസർത്ത് മാത്രമാണോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു. കുറ്റവാളികളെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മോഹൻലാൽഗഞ്ച് എം.പി ആർ.കെ. ചൗധരി മുന്നറിയിപ്പ് നൽകി. നിലവിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.