ഇറാൻ പിടിച്ചടക്കാൻ അമേരിക്ക? അത്യാധുനിക എഫ്-35സി യുദ്ധവിമാനങ്ങളും 2000ത്തോളം സൈനികരും മിഡിലീസ്റ്റിലേക്ക്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം നാലാഴ്ച പിന്നിടുമ്പോൾ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഇതിന്റെ ഭാഗമായി യുഎസ് മറൈൻ കോർപ്‌സിന്റെ അത്യാധുനിക എഫ്35സി യുദ്ധവിമാനങ്ങളെയും 82ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള രണ്ടായിരത്തോളം പ്രത്യേക ദ്രുതകർമ്മ സേനാംഗങ്ങളെയും മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നു. സാധാരണയായി വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് മാത്രം പ്രവർത്തിക്കുന്ന എഫ്35സി വിമാനങ്ങൾ, ചരിത്രത്തിലാദ്യമായാണ് കരയിലെ താവളങ്ങൾ കേന്ദ്രീകരിച്ച് ഒരു യുദ്ധമുന്നണിയിൽ വിന്യസിക്കപ്പെടുന്നത്.
ലോകത്തിന്റെ ഏത് ഭാഗത്തും വെറും 18 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ ശേഷിയുള്ള എലൈറ്റ് സൈനിക വിഭാഗത്തിന് മേജർ ജനറൽ ബ്രാൻഡൻ ടെഗ്റ്റ്‌മെയറാണ് നേതൃത്വം നൽകുന്നത്. ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് പാരച്യൂട്ട് വഴി ഇറങ്ങാനും തന്ത്രപ്രധാനമായ വിമാനത്താവളങ്ങളും പ്രദേശങ്ങളും പിടിച്ചെടുക്കാനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സൈനികർ. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ട പത്തോളം എഫ്35സി വിമാനങ്ങൾ ഇംഗ്ലണ്ടിലെ താവളത്തിൽ എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഇവ ഉടൻ തന്നെ മിഡിലീസ്റ്റിലെ നിശ്ചിത കേന്ദ്രങ്ങളിലേക്ക് തിരിക്കും. ഇതിനുപുറമെ, 2,200 മറൈൻ സൈനികരടങ്ങുന്ന 31ാം മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റും യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ബോക്‌സർ എന്നീ കപ്പലുകളും മേഖലയിലേക്ക് നീങ്ങുകയാണ്.
ഇറാനുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുമ്പോഴും, സൈനികമായ എല്ലാ മുൻകരുതലുകളും സജ്ജമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് പുറമെ, കരയിൽ നിന്ന് വിന്യസിക്കുന്ന പുതിയ വിമാനങ്ങൾ അമേരിക്കയുടെ പ്രഹരശേഷി ഗണ്യമായി വർദ്ധിപ്പിക്കും. വരും ദിവസങ്ങളിൽ കൂടുതൽ യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചുകൊണ്ട് ഇറാനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.