തീപ്പിടിത്തം മാത്രമല്ല, അടിമുടി തകരാർ! അമേരിക്കയുടെ കരുത്തൻ യുഎസ്എസ് ഫോർഡ് പിൻവാങ്ങിയത് വെറുതെയല്ല!
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പലുകളിൽ ഒന്നായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിൽ നിന്ന് പിൻവാങ്ങിയതിന് പിന്നിൽ കേവലം ഒരു തീപിടുത്തം മാത്രമല്ല, ആഴത്തിലുള്ള സാങ്കേതിക തകരാറുകളുണ്ടെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അടുത്തിടെ കപ്പലിലെ ലോൺട്രി വിഭാഗത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഇരുന്നൂറിലധികം നാവികർക്ക് പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കപ്പൽ ക്രീറ്റിലെ തുറമുഖത്തേക്ക് മാറ്റിയെങ്കിലും, ബ്ലൂംബെർഗ് പുറത്തുവിട്ട പെന്റഗൺ റിപ്പോർട്ട് പ്രകാരം കപ്പലിന്റെ പോരായ്മകൾ ഇതിലും ആഴത്തിലുള്ളതാണ്. വിമാനങ്ങൾ വിക്ഷേപിക്കുന്നതിനും തിരികെ ഇറക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളിലും കപ്പലിന്റെ റഡാർ ശൃംഖലകളിലും തുടർച്ചയായ തകരാറുകൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 13.2 ബില്യൺ ഡോളർ (1.10 ലക്ഷം കോടി രൂപ) ചെലവഴിച്ച് നിർമ്മിച്ച ഈ കപ്പലിന്റെ വിശ്വാസ്യതയെക്കുറിച്ച് ഇതോടെ വലിയ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്.
യുഎസ്എസ് ഫോർഡിന് പുറമെ മറ്റൊരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും മേഖലയിൽ നിന്ന് പിൻവാങ്ങിയത് അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്. നിശ്ചിത സമയപരിധിക്ക് ശേഷവും മാസങ്ങളോളം കടലിൽ തുടരേണ്ടി വന്നത് ജീവനക്കാരെയും യന്ത്രസാമഗ്രികളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കപ്പലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള പല പദ്ധതികൾക്കും ഇപ്പോഴും ഫണ്ട് ലഭ്യമായിട്ടില്ല എന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും യഥാർത്ഥ യുദ്ധസാഹചര്യത്തിൽ ഈ കപ്പലുകൾ എത്രത്തോളം ഫലപ്രദമാകുമെന്നത് ലോകശക്തിയായ അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ അമേരിക്കയുടെ കരുത്തായി നിലകൊള്ളേണ്ട കപ്പൽ ഇത്തരത്തിൽ പിൻവാങ്ങേണ്ടി വന്നത് യുഎസ് പ്രതിരോധ വകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വെറുമൊരു അപകടം എന്നതിലുപരി കപ്പലിന്റെ അടിസ്ഥാനപരമായ രൂപകൽപ്പനയിലും സാങ്കേതിക വിദ്യയിലും വന്ന പോരായ്മകളാണ് ഇത്തരം തകരാറുകൾക്ക് കാരണമെന്ന് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നു. വിമാനങ്ങൾ വിക്ഷേപിക്കുന്ന സംവിധാനം, റഡാർ, ആയുധങ്ങൾ എത്തിക്കുന്ന എലിവേറ്ററുകൾ എന്നിവ യുദ്ധകാല സാഹചര്യങ്ങളിൽ വിശ്വസനീയമായി പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. ശത്രുക്കളുടെ ആക്രമണമുണ്ടായാൽ കപ്പലിന് എത്രത്തോളം പ്രതിരോധിക്കാൻ കഴിയുമെന്നോ, തുടർച്ചയായി വിമാനങ്ങൾ പറത്താൻ സാധിക്കുമെന്നോ തെളിയിക്കാൻ ആവശ്യമായ ഡാറ്റ നിലവിലില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കൂടാതെ, കപ്പലിൽ നാവികർക്ക് താമസിക്കാനുള്ള സൗകര്യങ്ങളുടെ കുറവും വലിയൊരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുദ്ധമുഖത്ത് സജ്ജമായിരിക്കേണ്ട സമയത്ത് കപ്പൽ തുറമുഖത്തേക്ക് മടങ്ങേണ്ടി വന്നത് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെ ബാധിച്ചേക്കാം. കപ്പലിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിച്ച് അത് എപ്പോൾ വീണ്ടും ദൗത്യത്തിന് സജ്ജമാകുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ ഈ വിമാനവാഹിനിക്കപ്പൽ പ്രായോഗിക തലത്തിൽ നേരിടുന്ന വെല്ലുവിളികൾ ആധുനിക യുദ്ധതന്ത്രങ്ങളിൽ അമേരിക്ക നേരിടുന്ന തിരിച്ചടിയായാണ് നിരീക്ഷകർ കാണുന്നത്.