ഐപിഎൽ കളിക്കണമെങ്കിൽ ലണ്ടൻ-ബാംഗ്ലൂർ ചാർട്ടേട് ഫ്ലൈറ്റ് നിർബന്ധം: കോഹ്ലി വാശിപിടിച്ചോ? പ്രതികരണവുമായി സൂപ്പർ താരം
ബെംഗളൂരു: ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തനിക്കെതിരെ പ്രചരിച്ച വ്യാജവാർത്തകളെ തള്ളിയിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്ലി. ഐപിഎൽ മത്സരങ്ങൾക്കിടയിലുള്ള വിശ്രമവേളകളിൽ ലണ്ടനിലേക്ക് പോകാൻ കോഹ്ലി തന്റെ ബെംഗളൂരു ടീം മാനേജ്മെന്റിനോട് പ്രത്യേക ചാർട്ടേഡ് വിമാന സൗകര്യം ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച കോഹ്ലി, ചിരിക്കുന്ന ഇമോജികൾ നൽകി പരിഹാസത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഈ ഒറ്റ മറുപടിയിലൂടെ അദ്ദേഹം വ്യക്തമാക്കി.
മകന്റെ ജനനശേഷം കുടുംബത്തോടൊപ്പം ലണ്ടനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കോഹ്ലി, ഐപിഎൽ സീസണിലും ലണ്ടനിലേക്ക് പറക്കാൻ പദ്ധതിയൊരുക്കുന്നു എന്നായിരുന്നു പല ഇൻസ്റ്റാഗ്രാം പേജുകളും ഓണലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. മൂന്ന് ദിവസത്തിൽ കൂടുതൽ ഗ്യാപ്പ് കിട്ടിയാൽ കുടുംബത്തിനടുത്തേക്ക് പോകാൻ കോഹ്ലി അനുമതി തേടി എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ കോഹ്ലിയുടെ പ്രതികരണത്തിന് പിന്നാലെ ആരോപണങ്ങൾക്ക് വ്യക്തത വന്നിരിക്കുകയാണ്.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ആർ.സി.ബിക്ക് വേണ്ടി കിരീടം നിലനിർത്താനുള്ള കഠിന പരിശീലനത്തിലാണ് താരം ഇപ്പോൾ. മാർച്ച് 28-ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആർ.സി.ബിയുടെ ആദ്യ മത്സരം. ഇത്തവണ ഐപിഎല്ലിൽ 9,000 റൺസ് എന്ന ചരിത്ര നേട്ടവും കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്.