11/06/2026
[fontresizer_tawhidurrahmandear_widget]

അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊലക്കേസ് പ്രതിയാണെന്ന് വ്യാജ നോട്ടീസ്;സിപിഐ പ്രവര്‍ത്തകർ പിടിയിൽ

 അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊലക്കേസ് പ്രതിയാണെന്ന് വ്യാജ നോട്ടീസ്;സിപിഐ പ്രവര്‍ത്തകർ പിടിയിൽ

പത്തനംതിട്ട: അടൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് ആരോപിച്ച് വ്യാജ നോട്ടീസ് പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലഘുലേഖകള്‍ വിതരണം ചെയ്ത നാല് സിപിഐ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന് പിന്നാലെ പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ചിറ്റയം ഗോപകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് വിട്ടയച്ചു.

അതേസമയം, തനിക്കെതിരെ നടക്കുന്ന ഹീനമായ വ്യക്തിഹത്യയില്‍ വികാരാധീനനായാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍ പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പൊട്ടിക്കരഞ്ഞു. “എന്റെ കല്ലേലി അപ്പൂപ്പനാണേ സത്യം, എനിക്കെതിരെ അത്തരമൊരു കേസില്ല” എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനും എം.സി. കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് ശാന്തകുമാര്‍ വിങ്ങിപ്പൊട്ടി പറഞ്ഞു. താനൊരു കൊലക്കേസ് പ്രതിയാണെന്ന് തെളിയിച്ചാല്‍ ആ നിമിഷം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ ഒന്നാണെന്നും ആര് ജയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പറഞ്ഞ അദ്ദേഹം, തന്നെ വേട്ടയാടുന്നതില്‍ നിന്നും എതിരാളികള്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഒരു സാധാരണക്കാരനായ തന്നെ എന്തിനാണ് ഇത്തരത്തില്‍ ക്രൂശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് ആസൂത്രിതമായി വ്യാജ നോട്ടീസ് ഇറക്കുകയാണെന്ന് യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നത്. മണ്ഡലത്തില്‍ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ഉണ്ടായ ഈ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Also read: