‘ഇത്രയധികം മുന്നറിയിപ്പുണ്ടായിട്ടും കപ്പൽ മുന്നോട്ടെടുത്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും’; യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ ആദിത്യയുടെ പിതാവ്
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ ആദിത്യ ശർമ്മ അവസാനമായി കുടുംബവുമായി നടത്തിയ വാട്സാപ്പ് ഫോൺ സംഭാഷണത്തിൽ ആശങ്കകൾ പങ്കുവെച്ചിരുന്നതായി പിതാവ് രാജേഷ് ശർമ്മ വെളിപ്പെടുത്തി. ആക്രമണം നടക്കുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം ആദിത്യ വീട്ടിലേക്ക് വിളിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമേരിക്കൻ നാവികസേനയിൽ നിന്ന് തങ്ങളുടെ കപ്പലിന് രണ്ട് തവണയെങ്കിലും മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നാൽ കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് തന്നെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അവൻ പിതാവിനോട് പറഞ്ഞിരുന്നു. തങ്ങൾ സഞ്ചരിച്ചിരുന്ന മേഖലയിൽ മറ്റൊരു കപ്പലിന് നേരെ അന്ന് ആക്രമണമുണ്ടായതായും എന്നാൽ അതിലെ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും പറഞ്ഞ് ആദിത്യ കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.
ഇത്രയധികം മുന്നറിയിപ്പ് ഉണ്ടായിട്ടും കപ്പൽ ഹോർമുസിലേക്ക് തന്നെ നീങ്ങി ജീവനക്കാരെ അപകടത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ആദിത്യയുടെ പിതാവ് ചോദിച്ചു. മെയ് മാസത്തിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായിരുന്നു. പിന്നീട് രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. മകന്റെ അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്നും ജീവൻ രക്ഷിക്കാൻ അവൻ എത്രത്തോളം പോരാടിയിരിക്കുമെന്നും ഓർത്ത് കുടുംബം വിതുമ്പുകയാണ്.
പലാവു പതാകയേന്തിയ ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിലെ ഡെക്ക് കേഡറ്റായിരുന്നു ഹിമാചൽ പ്രദേശിലെ ഹാമിർപൂർ സ്വദേശിയായ ആദിത്യ ശർമ്മ. അമേരിക്കൻ സൈന്യം ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുഎസ് സേന ഈ കപ്പലിന് നേരെ ആക്രമണം നടത്തിയത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും ആദിത്യ ഉൾപ്പെടെ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ആദിത്യയുടെ മരണം സംബന്ധിച്ച വിവരം വ്യാഴാഴ്ച രാവിലെയാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്. കേന്ദ്ര തുറമുഖഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ നാവികരുടെ ഭൗതികശരീരങ്ങൾ കണ്ടെത്തിയതായും തിരിച്ചറിഞ്ഞതായും സ്ഥിരീകരിച്ചു. മരിച്ച നാവികരുടെ കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബിലെ ജലന്ധറിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ, ചെന്നൈയിലെ സ്വകാര്യ സർവകലാശാലയിൽ നിന്നാണ് നോട്ടിക്കൽ സയൻസ് ബിരുദം നേടിയത്. തുടർന്ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നിന്ന് അഡ്വാൻസ്ഡ് ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷമാണ് ആദ്യ നിയമനമായി കഴിഞ്ഞ നവംബറിൽ കപ്പലിൽ കയറുന്നത്. ചൈന-സിംഗപ്പൂർ റൂട്ടിലായിരുന്ന കപ്പൽ പിന്നീട് ഒമാനിലേക്ക് തിരിക്കുകയായിരുന്നു.