‘പിഎം ശ്രീ നടപ്പാക്കാൻ അമിതാവേശം; സർക്കാർ ഓഛാനിച്ച് നിൽക്കുന്നു’; പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുഴളള കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാദം വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാർലമെന്റ് രേഖകൾ തെളിയിക്കുന്നു. മുസ്‌ലിം ലീഗ് എംപി പി.വി അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രം പിഎം ശ്രീ പദ്ധതിയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും വ്യക്തമാക്കിയതാണ്.
നിയമപരമാ യാതൊരു നിർബന്ധമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേഷം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണെന്നും പിണറായി വിജയൻ കുറപ്പെടുത്തി. കഴിഞ്ഞ പത്തുവർഷക്കാലം എൽഡിഎഫ് സർക്കാർ ആർഎസ്എസിന്റെ വർഗീയ സിലബസിനു മുന്നിൽ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് ഇപ്പോൾ ഒറ്റുകൊടുക്കുകയാണ്. വഞ്ചനാപരമായ ഈ നിലപാടിനെ തുറന്നുകാട്ടാൻ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൈക്കൊണ്ട നയപരമായ തീരുമാനങ്ങളുടെ തുടർച്ചയായാണ് പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് വിഷയത്തിൽ യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശദീകരണം. സമഗ്ര ശിക്ഷാ പദ്ധതി അടക്കമുള്ള കേന്ദ്ര ഫണ്ടുകൾ തടഞ്ഞുവെക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഉപാധികളോടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നും ഭരണപക്ഷം വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് ശക്തമായ രാഷ്ട്രീയ പോരാട്ടവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്.