‘ദുരന്തമുഖത്ത് വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കരുത്’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദുരിതബാധിതരോട് യുഡിഎഫ് സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുണ്ടായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് ജീവനുകൾ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുഖങ്ങളില്‍ താങ്ങാകേണ്ട ഭരണകൂടം ജനങ്ങളെ പൂർണമായി കൈയൊഴിയുകയാണ്. ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും വിതരണം ചെയ്തിട്ടില്ല.
കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ അടിയന്തര സഹായത്തില്‍ ആലപ്പുഴ ജില്ലയില്‍ 40,000-ത്തിലധികം പേര്‍ അപേക്ഷിച്ചതില്‍ വെറും 83 പേർക്ക് മാത്രമാണ് 5,000 രൂപയെങ്കിലും ലഭിച്ചത്. കോട്ടയത്താകട്ടെ വിവരശേഖരണം പോലും പൂർത്തിയായിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ദിവസേന 300 രൂപ വീതം സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിട്ടിട്ടും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും, ഭരണകൂടത്തിന്റെ ഇത്തരം ജനവഞ്ചനകള്‍ തിരുത്തപ്പെടേണ്ടതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.