21/11/2026
[fontresizer_tawhidurrahmandear_widget]

‘പന്ത് തട്ടിക്കലായിരുന്നില്ല, പണം തട്ടലായിരുന്നു ലക്ഷ്യം’; മെസ്സി തട്ടിപ്പുകേസിൽ പിണറായി വിജയനും വി. അബ്ദുറഹിമാനുമെതിരെ മന്ത്രി ഒ.ജെ. ജനീഷ്

 ‘പന്ത് തട്ടിക്കലായിരുന്നില്ല, പണം തട്ടലായിരുന്നു ലക്ഷ്യം’; മെസ്സി തട്ടിപ്പുകേസിൽ പിണറായി വിജയനും വി. അബ്ദുറഹിമാനുമെതിരെ മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനും മുൻ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കൊണ്ടുവന്ന് പന്ത് തട്ടിക്കലായിരുന്നില്ല, മറിച്ച് പണം തട്ടലായിരുന്നു പദ്ധതിയെന്നും കായിക വകുപ്പിൽ അഴിമതി നടത്താൻ വരെ ചിലർ ശ്രമിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പല അഴിമതികളും പുറത്തുവരാനുണ്ടെന്നും പിണറായി വിജയനടക്കം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മെസ്സി കേരളത്തിൽ വന്ന് കലൂർ സ്റ്റേഡിയത്തിൽ പന്തു തട്ടുമെന്ന് വാഗ്ദാനം നൽകി മലപ്പുറവും കോഴിക്കോടുമടക്കമുള്ള സ്ഥലങ്ങളിലൂടെ അന്നത്തെ മന്ത്രി ഓപ്പൺ വാഹനത്തിൽ യാത്ര ചെയ്തിരുന്നതായും ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്തിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്രചാരണം നടത്തി വലിയ രീതിയിൽ സാമ്പത്തിക സമാഹരണം നടന്നെന്നും ഇത് ഗൗരവതരമായ വിഷയമാണെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി.

പദ്ധതിയുടെ പേരിൽ കേരള സർക്കാരിന് സാമ്പത്തികമായി ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നാണ് ഇടത് നേതാക്കന്മാരും സ്പോൺസറും നിരന്തരം വാദിക്കുന്നത്. എന്നാൽ, അതിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളെയും ഉദ്യോഗസ്ഥരുടെ സേവനങ്ങളെയും ദുരുപയോഗം ചെയ്തതും നഷ്ടങ്ങൾ തന്നെയാണ്. സർക്കാർ ലേബൽ ഉപയോഗിച്ചാണ് സാമ്പത്തിക സമാഹരണമുണ്ടായതെന്നും അതിന് അന്നത്തെ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമടക്കം കൂട്ടുനിന്നുവെന്നും മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി തന്നെ മെസ്സി കേരളത്തിലെത്തുമെന്ന് ഉറച്ച വാഗ്ദാനം നൽകുകയും ജനങ്ങളെ കബളിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. മുൻമന്ത്രിക്കെതിരായ അന്വേഷണമായതിനാൽ അനുമതി തേടി സർക്കാർ ലോക്‌ഭവന് കൈമാറിയ ഫയലിൽ ഗവർണർ ഓം പ്രകാശ് മാഥൂർ ഒപ്പുവെച്ച് സുപ്രധാന തീരുമാനമെടുക്കുകയായിരുന്നു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായിരുന്ന സമയത്താണ് അനുമതി തേടിയതെങ്കിലും സ്ഥാനമൊഴിയുന്ന സാഹചര്യമായതിനാൽ ഫയലിൽ ഒപ്പിട്ടിരുന്നില്ല. തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്.

Also read: