‘മോദി സ്വന്തം ആത്മകഥ എഴുതിയാൽ എങ്ങനെയായിരിക്കും? പേപ്പറിൽ തൊടാതെ എഴുതുന്ന പേനയോ?’എഴുതിവെച്ച വരികൾക്ക് മുകളിലൂടെ പേനയോടിക്കുന്ന മോദിയുടെ പഴയ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ആത്മകഥ എഴുതാൻ തുടങ്ങിയാൽ എങ്ങനെയായിരിക്കും എന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോ വൈറലാകുന്നു. സന്ദർശക ഡയറിയിൽ നേരത്തെ എഴുതിവെച്ച വരികൾക്ക് മുകളിലൂടെ പേന ഓടിക്കുന്ന പ്രധാനമന്ത്രിയുടെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഈ ഹാസ്യ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ‘ആത്മകഥ എഴുതാൻ തയ്യാറെടുക്കുന്നു’ എന്ന കുറിപ്പോടെ തുടങ്ങുന്ന വീഡിയോയിൽ, എല്ലാവരും ഫോട്ടോയ്ക്കായി പിന്നിൽ നിൽക്കൂ എന്ന് പറയുന്നതായും പേന നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നതായും ഹാസ്യരൂപേണയുള്ള സബ്ടൈറ്റിലുകൾ നൽകിയിട്ടുണ്ട്.
വീഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം പ്രധാനമന്ത്രി ഡയറിയിൽ എഴുതുന്നതായി കാണിക്കുന്ന ദൃശ്യങ്ങളാണ്. നേരത്തെ തന്നെ എഴുതി നിറച്ചിട്ടുള്ള ഒരു പേജിൽ പേനയുടെ മുന പേപ്പറിൽ തൊടാതെ വരികൾക്ക് മുകളിലൂടെ ചലിപ്പിക്കുന്ന ദൃശ്യത്തിന് ‘വൗ! പേപ്പറിൽ തൊടാതെ തന്നെ എഴുതുന്ന പേന’ എന്നാണ് ട്രോൾ വീഡിയോയിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ എഴുത്ത് പൂർത്തിയായതായി കാണിച്ച് പേനയുടെ അടപ്പ് അടയ്ക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ എഡിറ്റ് ചെയ്തതാണോ എന്ന് സംശയിക്കുന്നവർക്കായി, ഇതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തന്നെയുണ്ടെന്ന് വീഡിയോ പങ്കുവെച്ചവർ വ്യക്തമാക്കുന്നു. 2022 ഫെബ്രുവരി 16-ന് ഡൽഹി കരോൾ ബാഗിലെ ഗുരു രവിദാസ് വിശ്രാം ധാം ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിത്. യഥാർത്ഥ വീഡിയോയിൽ, നേരത്തെ എഴുതിവെച്ച ഖണ്ഡികയ്ക്ക് മുകളിലൂടെ പേന ഓടിച്ച ശേഷം പ്രധാനമന്ത്രി താഴെ ഒപ്പിടുന്നുണ്ട്.
‘ബാൽ നരേന്ദ്ര’ എന്ന പുസ്തകത്തിന്റെ കാര്യത്തിലെന്നപോലെ, ഈ സന്ദർശക ഡയറിയിലെ വരികൾ ആരാണ് എഴുതിയതെന്നോ ഭാവിയിൽ പ്രധാനമന്ത്രിയുടെ ആത്മകഥ ആരായിരിക്കും എഴുതുകയെന്നോ ആർക്കുമറിയില്ല എന്ന പരിഹാസവും വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിലുണ്ട്. വീഡിയോയുടെ അവസാന ഭാഗത്തെ ‘ഗസ്റ്റ് അപ്പിയറൻസും’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. എഴുത്ത് കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ തൊട്ടടുത്ത് കൈകൂപ്പി നിൽക്കുന്ന സിക്കിമിന്റെ പുതിയ ഗവർണർ ദുഷ്യന്ത് ഗൗതമിനെ പ്രധാനമന്ത്രി കാണുന്ന ദൃശ്യങ്ങളാണ് അവസാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ‘അരേ ദുഷ്യന്ത്…’ എന്ന് പ്രധാനമന്ത്രി വിളിക്കുമ്പോൾ ‘സിക്കിം മതി സാർ, നന്ദി സാർ’ എന്ന് അദ്ദേഹം മറുപടി പറയുന്ന രീതിയിലാണ് ഈ ഭാഗം രസകരമായി എഡിറ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്ര സന്ദർശന ദൃശ്യങ്ങൾ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിച്ചേർത്തതോടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.