ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം രോഗം ബാധിച്ചെന്ന് പരാതി
മലപ്പുറം: ഓൺലൈനിലൂടെ വാങ്ങിയ ഫെയർനെസ് ക്രീമിന്റെ തുടർച്ചയായ ഉപയോഗത്തെത്തുടർന്ന് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായി പരാതി. ക്രീമിലടങ്ങിയ അമിത അളവിലുള്ള മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന ‘മെമ്പ്രനസ് നെഫ്രോപ്പതി’ എന്ന രോഗമാണ് പെൺകുട്ടിക്ക് പിടിപെട്ടത്. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗകാരണം കണ്ടെത്തിയത്.
വൃക്കയുടെ അരിപ്പയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായത്. വിദഗ്ധ ചികിത്സയെത്തുടർന്ന് പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏകദേശം ഒരു വർഷത്തോളമായി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ക്ലാസിൽ പോകുമ്പോൾ കാലിന് നീരുവരികയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമെ, പഠിച്ചതൊന്നും ഓർമയിൽ നിൽക്കാത്ത സ്ഥിതിയും ഉണ്ടായതായി കുട്ടി വ്യക്തമാക്കി. കൂടെയുള്ള മറ്റ് കുട്ടികളും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെങ്കിലും അവർക്കൊന്നും ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.