‘പോൾ ചെയ്ത 1230-ൽ 1118 വോട്ടും നേടിയ ജനകീയ മെമ്പർ’; അഹമ്മദ് കുട്ടിയുടെ വേർപാടിൽ അനുശോചിച്ച് വി.എസ് ജോയ് എംഎൽഎ
മലപ്പുറം: ട്രെയിൻ തട്ടി മരിച്ച കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വി.എസ് ജോയ് എംഎൽഎ. തികഞ്ഞ ജനകീയനായ വ്യക്തിത്വമായിരുന്നു അഹമ്മദ് കുട്ടിയെന്നും, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയക്കൊടി പാറിച്ചതെന്നും വി.എസ് ജോയ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർത്തെടുത്തു.
കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിൽ നിന്ന് മത്സരിച്ച അഹമ്മദ് കുട്ടി, ആകെ പോൾ ചെയ്ത 1230 വോട്ടുകളിൽ 1118 വോട്ടുകളും സ്വന്തമാക്കിയിരുന്നു. എതിരാളികൾക്ക് കേവലം 60-ഉം 52-ഉം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ വലിയ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയും വലിയ നഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എംഎൽഎ കുറിച്ചു.
ഇന്നലെ രാത്രി 11 മണിയോടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം നടന്നത്. അതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.