ഇൻസ്റ്റയിൽ പാറ്റകൾക്ക് വമ്പൻ ഡിമാൻഡ്! ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പിന്നിലാക്കി സിജെപി മുന്നിൽ; ഫോളോവേഴ്സിലും വമ്പൻ കുതിപ്പ്
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ രാഷ്ട്രീയ ഇടപെടലുകളിൽ വൻ കുതിച്ചുചാട്ടവുമായി കോക്രോച്ച് ജനതാ പാർട്ടി. ഡാറ്റാ ബീയിംഗ്സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒക്ടോബർ മാസത്തിലെ രണ്ടാഴ്ചത്തെ കണക്കുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പിന്നിലാക്കി സിജെപി ഒന്നാം സ്ഥാനത്തെത്തി.
ഒക്ടോബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വിലയിരുത്തപ്പെട്ട 10 പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും അക്കൗണ്ടുകളിൽ ആകെ നടന്ന എൻഗേജ്മെന്റിന്റെ 25 ശതമാനവും സ്വന്തമാക്കിയത് സിജെപിയാണ്. അതായത്, 21.7 ദശലക്ഷം എൻഗേജ്മെന്റുകൾ. 20.5 ദശലക്ഷം എൻഗേജ്മെന്റുകളുമായി (23%) കോൺഗ്രസ് തൊട്ടുപിന്നിലുണ്ട്. 14.6 ദശലക്ഷം എൻഗേജ്മെന്റുകൾ (17%) നേടി രാഹുൽ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്.
ഡാറ്റാ ബീയിംഗ്സ് സാമൂഹിക മാധ്യമമായ ‘എക്സി’ലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. പത്ത് അക്കൗണ്ടുകളിലായി നടന്ന 87.8 ദശലക്ഷം മൊത്തം എൻഗേജ്മെന്റുകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം. കോൺഗ്രസിനേക്കാൾ 1.2 ദശലക്ഷം എൻഗേജ്മെന്റുകൾ അധികം നേടിയാണ് സിജെപി മുന്നിലെത്തിയത്. എൻഗേജ്മെന്റിന്റെ ആകെ വിഹിതത്തിൽ കോൺഗ്രസിനേക്കാൾ രണ്ട് ശതമാനം മുന്നിലാണ് പാർട്ടിയുള്ളത്.
പട്ടികയിൽ 7.4 ദശലക്ഷം എൻഗേജ്മെന്റുകളുമായി യൂത്ത് കോൺഗ്രസാണ് നാലാം സ്ഥാനത്ത്. 5 ദശലക്ഷം എൻഗേജ്മെന്റുകൾ നേടിയ ബി.ജെ.പി അഞ്ചാമതും, കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ 1.8 ദശലക്ഷം എൻഗേജ്മെന്റുകളുമായി പിന്നിലുമായുണ്ട്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ 1.4 ദശലക്ഷം എൻഗേജ്മെന്റുകളും, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 1.2 ദശലക്ഷം എൻഗേജ്മെന്റുകളും നേടി. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിന് എട്ട് ലക്ഷം എൻഗേജ്മെന്റുകളാണ് ലഭിച്ചത്.
എൻഗേജ്മെന്റുകൾക്ക് പുറമെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലും സിജെപിയാണ് ഏറ്റവും മുന്നിൽ. പാർട്ടിക്ക് നിലവിൽ 25 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. 15.9 ദശലക്ഷം ഫോളോവേഴ്സുമായി കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. ബി.ജെ.പിക്ക് 10 ദശലക്ഷം ഫോളോവേഴ്സും ആം ആദ്മി പാർട്ടിക്ക് 1.9 ദശലക്ഷം ഫോളോവേഴ്സും തൃണമൂൽ കോൺഗ്രസിന് അഞ്ച് ലക്ഷം ഫോളോവേഴ്സുമാണുള്ളത്.