തൃശൂർ പാറളം പഞ്ചായത്ത് ഭരണം: വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത രണ്ട് അംഗങ്ങളെ സിപിഐ പുറത്താക്കി
തൃശൂർ: പാറളം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത രണ്ട് ജനപ്രതിനിധികളെ സിപിഐ പുറത്താക്കി. പഞ്ചായത്ത് അംഗങ്ങളും ലോക്കൽ കമ്മിറ്റി ഭാരവാഹികളുമായ സി.എം. ഷക്കീർ, വനജ രാജൻ എന്നിവർക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
സിപിഐ അംഗങ്ങളുടെ അപ്രതീക്ഷിത പിന്തുണയോടെ കോൺഗ്രസിലെ റോസ്മേരി ആബേഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. 17 അംഗങ്ങളുള്ള പാറളം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതവും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്ന നാടിന്റെ പൊതുവികാരം മാനിച്ചാണ് വിപ്പ് ലംഘിച്ചും കോൺഗ്രസിനെ പിന്തുണച്ചതെന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ വ്യക്തമാക്കി. പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ വിജയമാണിതെന്ന് തെരഞ്ഞെടുക്കപ്പെട്ട റോസ്മേരി ആബേഷ് പ്രതികരിച്ചു.