09/09/2026
[fontresizer_tawhidurrahmandear_widget]

സിജെപി നേതാക്കൾക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

 സിജെപി നേതാക്കൾക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ബിജെപി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കും സംഘടനയ്ക്കുമെതിരെയാണ് ഹരജി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് കോടതി ഇന്ന് പരിഗണിക്കും.

ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച വ്യാജ ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. സെപ്റ്റംബർ അഞ്ചിന് പങ്കുവെച്ച ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്യുകയും എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സൗരവ് ദാസ് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, വ്യാജപ്രചരണത്തിൽ ഇവർ നിരുപാധികം മാപ്പുപറയണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു.

“ആരോപണങ്ങൾ പരിധി കടക്കുമ്പോൾ നിയമം അതിന് അതിര് നിശ്ചയിക്കും” എന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ഭാട്ടിയ എക്സിൽ കുറിച്ചു. വസ്തുതകളും തെളിവുകളും അടിസ്ഥാനമാക്കി വിഷയം കോടതിയിൽ തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാട്ടിയയുടെ നീക്കത്തിന് മറുപടിയായി ‘ഹിൽതേ ദുൽതേ ഗ്രേറ്റർ നോയിഡ കോടതിയിൽ എത്തിപ്പെടരുത്’ എന്നായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം.

സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്തുന്ന സമീപനമാണ് സിജെപി നേതാക്കൾ സ്വീകരിക്കുന്നതെന്നും, ഇത്തരം പരാമർശങ്ങൾ ജുഡീഷ്യറിയുടെ അന്തസ്സിനെയും ബാധിക്കുന്നുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സ്ഥിരമായ വിലക്ക് ഏർപ്പെടുത്തണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ഭാട്ടിയയുടെ ആവശ്യം.

Also read: