സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യും, വധശ്രമവും പോക്സോയും ചുമത്തും
ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് തുറന്നുസമ്മതിച്ച സ്വയംപ്രഖ്യാപിത ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് ഉറപ്പ് നൽകി. കോക്രോച്ച് ജനതാ പാർട്ടി ഭാരവാഹികൾ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ശക്തമായ ഉപരോധത്തിനൊടുവിലാണ് പൊലീസിന്റെ ഈ നീക്കം. എം.പിമാരായ ചന്ദ്രശേഖർ ആസാദ്, പപ്പു യാദവ്, സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
മർദ്ദനമേറ്റ സഞ്ജയ് കുമാറിന്റെ തലയോട്ടി തകർത്തു എന്ന് വീഡിയോയിൽ ഭരദ്വാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. “നിഷുവിന്റെ അച്ഛന്റെ തലയോട്ടി ഞാൻ അടിച്ചുപൊട്ടിച്ചു. ഇതിന് ചുമത്തേണ്ടത് വധശ്രമത്തിനുള്ള 307-ാം വകുപ്പാണ്. അയാൾക്ക് 60 തുന്നലുകൾ ഇടേണ്ടിവന്നു, ആംബുലൻസിൽ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് വിളിച്ചുപറഞ്ഞു. എന്നിട്ടും ഞാൻ ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, രാത്രി മുഴുവൻ പുറത്തുതന്നെ കറങ്ങിനടന്നു”—എന്നാണ് വിഡിയോയിൽ ഇയാൾ പറയുന്നത്. ബി.ജെ.പി നേതാക്കളുടെ പിന്തുണയുണ്ടെന്നും ബി.ജെ.പി നേതാവ് കപിൽ മിശ്ര ഇടപെട്ടതുകൊണ്ടാണ് പോലീസ് തന്നെ വിട്ടയച്ചതെന്നും ഇയാൾ അവകാശപ്പെട്ടു.
വീഡിയോ പ്രചരിച്ചതോടെ വിഷയം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പെൺകുട്ടിയെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം ക്രിമിനലുകൾക്ക് ബി.ജെ.പി എന്ത് സംരക്ഷണമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കളും കടുത്ത പ്രതിഷേധമറിയിച്ചു.
അതേസമയം, സഞ്ജയ് കുമാറിന്റെ തലയോട്ടി തകർന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. ഉന്തുംതള്ളിലും കൈയിലുണ്ടായിരുന്ന കട്ടിയുള്ള വളകൊണ്ടാണ് തലയിൽ പരിക്കേറ്റതെന്നും, ആർ.എം.എൽ ആശുപത്രിയിലെ പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ അക്രമം തുറന്നുസമ്മതിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ സമരം തുടരുമെന്ന് സി.ജെ.പി വ്യക്തമാക്കി.