‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം’- പി. ജയരാജൻ
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് കേരളത്തിലെ തെരുവുകളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിന ഘോഷയാത്ര മാത്രമാണുണ്ടായിരുന്നത്, അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ പറഞ്ഞു. ആർഎസ്എസ് ആരംഭിച്ച ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടരുകയാണ്.
നേരത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും, ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷമാണ് നായന്മാർ ഉൾപ്പെടെയുള്ളവർക്ക് ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ‘മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക്’ എന്ന പേരിൽ കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മതേതര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.