‘ഉയർന്ന ജീവിതസൗകര്യങ്ങളും ജോലിയും ഉപേക്ഷിച്ച് അവർ തെരുവിലിറങ്ങി, അവര്ക്ക് മറ്റ് മനുഷ്യരോട് ആത്മാര്ത്ഥമായ കരുതലുണ്ട്’; ജയിലിലായ അശുതോഷിനെയും സൗരവിനെയും കുറിച്ച് ദീപ്കെ
ന്യൂഡൽഹി: ഉയർന്ന ജീവിതസൗകര്യങ്ങളും ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയും ഉപേക്ഷിച്ച് സാധാരണക്കാർക്ക് വേണ്ടി തെരുവിലിറങ്ങിയതിനാലാണ് സിജെപി സഹകൺവീനർമാരായ അശുതോഷ് രങ്കയും സൗരവ് ദാസും ജയിലിലായതെന്ന് അഭിജിത് ദീപ്കെ. സ്വന്തം ജീവിതം ആസ്വദിക്കുന്നതിന് പകരം മറ്റുള്ളവർക്ക് വേണ്ടി പോരാടാൻ തയ്യാറായവരാണ് ഇരുവരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് ദീപ്കെയുടെ പ്രതികരണം.
വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ മികച്ച ശമ്പളമുള്ള കോർപ്പറേറ്റ് ജോലിയിലായിരുന്നു അശുതോഷ്. രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എഴുതിക്കൊണ്ട് മികച്ച ഔദ്യോഗിക ജീവിതം നയിക്കുകയായിരുന്നു സൗരവ്. സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന ഇവർക്ക് ഇതൊന്നും ഉപേക്ഷിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി. എങ്കിലും രാജ്യത്തെ കൂടുതൽ മികച്ച ഒരിടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും തങ്ങളുടെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അനിശ്ചിതത്വങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തമായി യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതിരുന്നിട്ടും, അത്രയൊന്നും സൗകര്യങ്ങൾ ലഭിക്കാത്തവർക്ക് വേണ്ടി പോരാടാൻ അവർ തീരുമാനിച്ചതാണ് അവരിൽ ഏറ്റവും വിലമതിക്കുന്ന ഗുണമെന്നും അദ്ദേഹം കുറിച്ചു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിച്ച് സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കാൻ അവർക്ക് എളുപ്പത്തിൽ കഴിയുമായിരുന്നു. ആരും ആവശ്യപ്പെടാതെയാണ് അപരിചിതർക്ക് വേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തി അവർ പോരാട്ടത്തിനിറങ്ങിയതെന്നും ഇത് ഒരു മനുഷ്യനുണ്ടാകാവുന്ന ഏറ്റവും വലിയ ഗുണമാണെന്നും ദീപ്കെ അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ ജന്തർ മന്തറിൽ ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക വീശി പ്രതിഷേധിച്ച സംഭവത്തിലാണ് അശുതോഷും സൗരവും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. ജന്തർ മന്തർ പ്രതിഷേധ വേദിയല്ലെന്ന ഡൽഹി പോലീസിന്റെ പുതിയ ഉത്തരവിന് പിന്നാലെയായിരുന്നു ഇവരുടെ അപ്രതീക്ഷിത പ്രതിഷേധം. തുടർന്ന് സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ 24 മണിക്കൂറിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയുമായിരുന്നു.