‘ഓക്സ്ഫോർഡിൽ നിന്ന് ക്ഷണം ലഭിച്ചതിൽ ലോകം ചുറ്റിക്കറങ്ങാൻ ഇഷ്ടപ്പെടുന്ന, അധികാരത്തിലിരിക്കുന്ന, വിദ്യാഭ്യാസമില്ലാത്ത ആ വ്യക്തിക്ക് അസൂയ’; സൗരവ് ദാസിനെ തടഞ്ഞതിനെതിരെ അഭിജിത് ദീപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി മുന്നേറ്റത്തിന്റെ വിജയത്തെത്തുടർന്ന് പാർട്ടി സഹ-കൺവീനർ സൗരവ് ദാസിനുണ്ടായ വളരുന്ന സ്വാധീനമാണ് അദ്ദേഹത്തിന്റെ യുകെ യാത്ര മനഃപൂർവം തടയാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. ഓക്സ്ഫോർഡ് സർവകലാശാലയിൽ കോക്രോച്ച് മൂവ്മെന്റിനെക്കുറിച്ച് പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെട്ട തന്നെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെന്ന് സൗരവ് ദാസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദീപ്കെയുടെ പ്രതികരണം.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കുള്ള ലണ്ടൻ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഡൽഹി വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ വെച്ച് തന്നെ തടഞ്ഞതായി സൗരവ് ദാസ് എക്സിലൂടെ അറിയിച്ചിരുന്നു. ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എൽ.എസ്.ഇ), എഡിൻബർഗ് തുടങ്ങിയ പ്രശസ്ത സർവകലാശാലകളിൽ കോക്രോച്ച് മൂവ്മെന്റിനെക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സർക്കാർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നായിരുന്നു ദാസിന്റെ കുറിപ്പ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അഭിജീത് ദിപ്കെയും എക്സിൽ രൂക്ഷമായി പ്രതികരിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ സമ്മേളനത്തിൽ സംസാരിക്കാൻ സൗരവിന് ക്ഷണം ലഭിച്ചതിൽ, ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ ഇഷ്ടപ്പെടുന്ന അധികാരത്തിലിരിക്കുന്ന ചില നിരക്ഷരർക്ക് അസൂയ തോന്നിയതായി തോന്നുന്നുവെന്നായിരുന്നു ദീപ്കെ എക്സിൽ കുറിച്ചത്.
സൗരവ് ദാസിന്റെ പാസ്പോർട്ടിൽ പെട്ടെന്ന് പിഴവുകൾ കണ്ടെത്തിയതിനെയും അഭിജീത് ദിപ്കെ ചോദ്യം ചെയ്തു. 2019-ൽ ഇതേ സർക്കാർ തന്നെയാണ് സൗരവിന് പാസ്പോർട്ട് നൽകിയതെന്നും, സി.ജെ.പി രൂപീകരിക്കുന്നതിന് മുമ്പ് ഇതേ പാസ്പോർട്ട് ഉപയോഗിച്ച് അദ്ദേഹം രണ്ടുതവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. അന്നൊന്നും പാസ്പോർട്ടിൽ ഒരു അപാകതയും കണ്ടെത്താത്തവർ, സൗരവ് ദാസ് ഒരു പ്രമുഖ ആക്ടിവിസ്റ്റും ജനാധിപത്യ മുഖവുമായി മാറിയതിന് ശേഷം മാത്രമാണ് പിഴവ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിൽ എത്തേണ്ട സമയത്താണ് ദാസിന് നോട്ടീസ് നൽകിയതെന്നും, മറുപടി നൽകാൻ പോലും സമയം ലഭിക്കാത്തവിധം ഇത്ര വൈകി നോട്ടീസ് നൽകിയത് എന്തിനാണെന്നും സർക്കാരിന് എന്തിനാണ് ഇത്ര ഭയമെന്നും ദിപ്കെ ചോദിച്ചു. സി.ജെ.പി മുന്നേറ്റത്തെക്കുറിച്ചും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പോരാട്ടത്തിന്റെ വിജയത്തെക്കുറിച്ചും സംസാരിക്കാനാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സും ഓക്സ്ഫോർഡ് സർവകലാശാലയും സൗരവിനെ ക്ഷണിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെപ്പോലെ തട്ടിപ്പുകൾ നടത്താത്തതുകൊണ്ടാണ് സൗരവ് ദാസിനെ തടഞ്ഞതെന്ന് ദീപ്കെ പരിഹസിച്ചു. “കഴിഞ്ഞ രാത്രി ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച അദ്ദേഹത്തോട് ഇന്ത്യ വിട്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഒരു ഇന്ത്യക്കാരന് വിദേശയാത്ര നടത്താൻ കഴിയാത്തത്? അദ്ദേഹം ഒരു കുറ്റവാളിയാണോ? ഒരു അഴിമതിയോ തട്ടിപ്പോ നടത്തിയില്ല എന്നതാണ് ദാസ് ചെയ്ത ഏറ്റവും വലിയ തെറ്റ്,” ദീപ്കെ പറഞ്ഞു. അദ്ദേഹം തട്ടിപ്പ് നടത്തുകയോ ജനങ്ങളെ വഞ്ചിക്കുകയോ ബാങ്കുകൾ കൊള്ളയടിക്കുകയോ ചെയ്തിരുന്നെങ്കിൽ, മോദി സർക്കാർ തടയാത്തതിനെ തുടർന്ന് രാജ്യം വിട്ട മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെപ്പോലെ വി.ഐ.പി ക്ലിയറൻസ് ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ജനങ്ങൾക്ക് 59,000 കോടി രൂപ നൽകാനുള്ള ഇവർക്ക് വിദേശത്തേക്ക് പറക്കാൻ അനുമതി നൽകിയെന്നും, അഴിമതിയും തട്ടിപ്പും നടത്തുന്ന വൻകിട വ്യവസായികൾക്കുള്ളതാണ് ഈ സർക്കാരെന്നും ദീപ്കെ ആരോപിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പോയി ഡോ. ബാബാസാഹെബ് അംബേദ്കറുടെയും മഹാത്മാഗാന്ധിയുടെയും ചിന്തകളെക്കുറിച്ച് സംസാരിക്കുന്നത് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. നവംബർ 26-ന് നാഗ്പൂരിൽ സി.ജെ.പി ‘ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക’ എന്ന പേരിൽ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടിച്ചമർത്തലുകളിലൂടെ യുവാക്കളെ ഭയപ്പെടുത്താമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും, തങ്ങൾ പോരാട്ടം തുടരുമെന്നും പിന്നോട്ടില്ലെന്നും ദിപ്കെ വ്യക്തമാക്കി. ‘ക്യാ ബോൽത്തി പബ്ലിക്’ മുന്നേറ്റത്തിലൂടെ തങ്ങൾ ഗോവയിലും പോയിട്ടുണ്ടെന്നും, അവിടെ വ്യവസായികൾക്ക് അനധികൃതമായി ഭൂമി കൈമാറുന്നതിനെതിരെ പോരാടാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിയെയും ദിപ്കെ വിമർശിച്ചു. സോനം വാങ്ചുക്കിനെ വീട്ടുതടങ്കലിലാക്കുകയും അദ്ദേഹത്തിന്റെ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തുവെന്നും, വാങ്ചുക്കിനോട് വിയോജിപ്പുണ്ടാകാമെങ്കിലും ആ സ്കൂളിലെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നത് വിദ്യാഭ്യാസ വിരുദ്ധമാണെന്നും ദീപ്കെ കൂട്ടിച്ചേർത്തു.