‘ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു’; യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പരിഹാസവുമായി അഭിജീത് ദീപ്കെ
ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. അമേരിക്കയിൽ ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നുവെന്നാണ് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പരിഹസിച്ചത്. ഇന്ത്യയിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ദീപ്കെയുടെ ഈ പരാമർശം.
അർഹരായ വോട്ടർമാരെ ബോധപൂർവം പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് ഗ്യാനേഷ് കുമാർ അമേരിക്കയിൽ ഉണ്ടായിരുന്നെങ്കിൽ വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച് ട്രംപിനെ സഹായിക്കുമായിരുന്നുവെന്ന അർത്ഥത്തിൽ ദീപ്കെ വിമർശനം ഉന്നയിച്ചത്.
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിജെപി നേതാവ് അശുതോഷ് റാങ്ക പങ്കുവെച്ച ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടാണ് അഭിജീത് ദീപ്കെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജനങ്ങൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണ് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, അമേരിക്കൻ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാർട്ടി വലിയ അട്ടിമറി വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളിൽപ്പോലും അവർക്ക് കനത്ത കാലിടറലാണ് ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്.