’26-ാം വയസ്സുമുതൽ കല്യാണം നോക്കുന്നു, ഇപ്പോൾ മോന് 40 ആയി, പെൺകുട്ടികൾക്ക് സർക്കാർ ജോലിക്കാരെ മാത്രം മതി’; വീണ്ടും വിവാഹ ക്യാമ്പുമായി കാരന്തൂർ ക്ഷേത്രം
കോഴിക്കോട്: മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനാകാതെ ആശങ്കയിൽ കഴിയുന്ന മാതാപിതാക്കളുടെ സങ്കടങ്ങൾക്ക് വേദിയായി കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം. അവിവാഹിതരായ യുവജനങ്ങൾക്കായി ക്ഷേത്രത്തിൽ വീണ്ടും സംഘടിപ്പിച്ച വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ നിരവധി രക്ഷിതാക്കളാണ് എത്തിയത്.
26-ാം വയസ്സുമുതൽ മകന് വിവാഹം ആലോചിക്കുന്നുണ്ടെന്നും ഇപ്പോൾ 40 വയസ്സായിട്ടും ഒന്നും ശരിയായില്ലെന്നും ക്യാമ്പിലെത്തിയ രക്ഷിതാക്കൾ പറയുന്നു. പല പെൺകുട്ടികളുടെയും കുടുംബങ്ങൾ സർക്കാർ ജോലിയുള്ള വരന്മാരെ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും, 40-ഉം 45-ഉം വയസ്സ് കഴിഞ്ഞിട്ടും ഈ നിലപാടിൽ മാറ്റമില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മക്കൾ പ്രവാസികളാണെങ്കിൽ വിവാഹം നടത്തിക്കൊടുക്കാൻ പല കുടുംബങ്ങളും തയ്യാറാകുന്നില്ലെന്നും, ഇതുകാരണം പലരും ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിട്ടും വിവാഹം നടക്കുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. സ്വന്തമായി നല്ല വരുമാനമുള്ളവർ പോലും പങ്കാളികളിൽ നിന്ന് സർക്കാർ ജോലിയാണ് പ്രതീക്ഷിക്കുന്നതെന്നും, പ്രായമേറിയ പല പെൺകുട്ടികൾക്കും വിവാഹത്തിൽ താല്പര്യമില്ലാത്ത അവസ്ഥയുണ്ടെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു.
ഹിന്ദു സമുദായത്തിൽ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പുഴ വരെയുള്ളവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും രജിസ്റ്റർ ചെയ്തവരിൽ പുരുഷന്മാരാണ് കൂടുതലെന്നും സംഘാടകർ വ്യക്തമാക്കി. ക്യാമ്പിലെത്തിയ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ജോലിയുമുണ്ട്. ഡിസംബറിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനും, ശേഷം ജാതിയും പ്രായവും തിരിച്ച് വിവരങ്ങൾ ക്രമീകരിച്ച് ജനുവരി പകുതിയോടെ രജിസ്റ്റർ ചെയ്തവർക്ക് കൈമാറാനുമാണ് സംഘാടകരുടെ തീരുമാനം. ഈ മാസം ആദ്യവാരത്തിൽ നടത്തിയ ക്യാമ്പിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പങ്കാളികളെ തേടി ഇതുവരെ 9,000-ത്തോളം പേർ അപേക്ഷ നൽകിയതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.