04/10/2026
[fontresizer_tawhidurrahmandear_widget]

അശ്വന്ത് കോക്കിന്‍റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തു; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

 അശ്വന്ത് കോക്കിന്‍റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തു; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് വൻ തിരിച്ചടി. അശ്വന്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടക്കാവ് പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിൽ പോലീസ് എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനവും എയർഗണ്ണും പോലീസ് കോടതിയിൽ ഹാജരാക്കി.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് അശ്വന്ത് കോക്ക് ഓടിച്ച വാഹനം രണ്ട് കാറുകളിലും ബൈക്കിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അശ്വന്ത് കോക്കിന്റെ വാഹനം തടയുകയും യൂട്യൂബറെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. റോഡിൽ നിർത്തിയിട്ട കാറിലും ഭിന്നശേഷിക്കാരൻ സഞ്ചരിച്ച വാഹനത്തിലുമടക്കം അശ്വന്ത് കോക്കിന്റെ വാഹനം ഇടിച്ചിരുന്നു.

അശ്വന്ത് കോക്കിനെ നാട്ടുകാർ തടഞ്ഞു നിർത്തുന്നതിന്റെയും പോലീസിന് കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങവെ മദ്യപിച്ചിരുന്നുവോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “ദാറ്റ്‌സ് കേരളാ പോലീസ്” എന്ന അശ്വന്ത് കോക്കിന്റെ മറുപടിയും വൈറലായിരുന്നു. അതേസമയം, അറസ്റ്റിലായ അശ്വന്ത് കോക്കിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

സിനിമാ റിവ്യൂകളിലൂടെയാണ് അശ്വന്ത് കോക്ക് ശ്രദ്ധേയനാകുന്നത്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. വിവാദങ്ങളും എന്നും അശ്വന്ത് കോക്കിന് പിന്നാലെയുണ്ടായിരുന്നു. സിനിമ റിവ്യൂകളിലെ അശ്വന്ത് കോക്കിന്റെ പ്രയോഗങ്ങളും ഭാഷയുമെല്ലാം കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.

Also read: